വാരാന്ത്യം ആഘോഷമാക്കാൻ ഒ.ടി.ടിയിൽ 16 മലയാള ചിത്രങ്ങൾ

1. എമ്പുരാൻ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ 'ജിയോ ഹോട്ട്സ്റ്റാറിൽ' കാണാം. മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.

2. ബാക്ക് സ്റ്റേജ്

റിമ കല്ലിങ്കൽ, പദ്മപ്രിയ എന്നിവരെ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബാക്ക് സ്റ്റേജ്' വേവ്സ് ഒ.ടി.ടിയിൽ കാണാം. വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് കഥകൾ ഉൾപ്പെടുത്തിയ 'യുവ സപ്നോ കാ സഫർ' എന്ന ആന്തോളജിയിലെ ചിത്രമാണ് 'ബാക്ക് സ്റ്റേജ്'. 45 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കൈകാര്യം ചെയുന്ന പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്. 'വണ്ടര്‍ വുമണ്‍' ന് ശേഷം റിലീസിനെത്തിയ അഞ്ജലി മേനോൻ ചിത്രമാണ് ബാക്ക് സ്റ്റേജ്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ആറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

3. കട്ടീസ് ഗ്യാങ്

ഉണ്ണി ലാലു, അൽതാഫ് സലീം, സജിൻ ചെറുകയിൽ, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽ ദേവ് സംവിധാനം ചെയ്ത കട്ടീസ് ഗ്യാങ് Sun NXTൽ കാണാം. ചിത്രം കഴിഞ്ഞ വർഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻ സൗന്ദർ രാജനും പ്രധാന വേഷത്തിലുണ്ട്. പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്, വിസ്‌മയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഓഷ്യാനിക്ക് സിനിമാസിന്‍റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരനാണ് കട്ടീസ് ഗ്യാങ്ങിന്റെ നിർമാണം.

4. അം അഃ

തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത് ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ദേവദർശിനിയും പ്രധാന വേഷത്തിലെത്തിയ 'അം അഃ' ആമസോൺ പ്രൈം വീഡിയോ, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാം. ഇടുക്കിയിലെ ഒരു മലയോര​ഗ്രാമത്തെയും അവിടെ ജീവിക്കുന്ന സാധാരണക്കാരായ കുറച്ച് മനുഷ്യരേയുമാണ് അം അഃയിൽ കാണാനാവുക. മലയോര പ്രദേശമായ കവന്തയിലെ റോഡ് പണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനാണ് കേന്ദ്ര കഥാപാത്രം.

5. ദാവീദ്

ആന്റണി വർ​ഗീസ് പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത 'ദാവീദ്' ZEE5ൽ കാണാം. ത്രസിപ്പിക്കുന്ന ആക്ഷൻ സ്വീകൻസുകൾ ധാരാളമുണ്ട് ചിത്രത്തിൽ. ആക്ഷനൊപ്പം കുടുംബബന്ധങ്ങൾക്കും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യം നൽകിയാണ് ഗോവിന്ദ് വിഷ്ണു ദാവീദ് ഒരുക്കിയിരിക്കുന്നത്. മൂന്നോളം ലുക്കുകളിൽ എത്തുന്ന ആൻറണി വർഗീസിന്റെ പ്രകടനത്തെക്കുറിച്ച് തന്നെയാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ കൂടുതലായി ചർച്ച ചെയ്യുന്നത്.

6. പ്രാവിന്‍കൂട് ഷാപ്പ്

സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത 'പ്രാവിന്‍കൂട് ഷാപ്പ്' സോണി ലിവിൽ കാണാം. ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ഈ ചിത്രം, ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റിയുള്ള സംഭവങ്ങളുമാണ് പറയുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

7. പൈങ്കിളി

അനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത 'പൈങ്കിളി' മനോരമ മാക്സിൽ കാണാം. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ രചന നിർവഹിച്ചത്. 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവരാണ് നിർമാതാക്കൾ.

8. ‘ഋ’

രഞ്ജി പണിക്കര്‍, രാജീവ് രാജൻ, നയന എൽസ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വൈദികനായ ഫാ. വര്‍ഗീസ് ലാൽ സംവിധാനം ചെയ്ത 'ഋ' ആമസോൺ പ്രൈം വിഡിയോയിൽ കാണാം. സര്‍വകലാശാല കാമ്പസിൽ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമുദായത്തിൽ പെട്ടവരുടെ പ്രണയം, മുസ്‍ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത് യുവാവും ഉയർന്ന സമുദായത്തിൽ പെട്ട യുവതിയുമായുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഋയുടെ പ്രമേയം.

9. അരിക്

സെന്തിൽ കൃഷ്ണ , ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അരിക് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രമാണ് അരിക്. വി.എസ് സനോജ് സംവിധാനം ചെയ്ത അരിക് സംസ്ഥാന സർക്കാർ ചലച്ചിത്രവികസന കോർപ്പറേഷന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സി സ്‌പേസിൽ കാണാം. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുന്നത്.

10. ജയിലർ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ മനോരമ മാക്സിൽ കാണാം. സക്കീർ മഠത്തിൽ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. ഗോൾഡൻ വില്ലേജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. കെ. മുഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 1950 കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.

11. ഒരു ജാതി ജാതകം

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എം.മോഹനൻ സംവിധാനം ചെയ്ത 'ഒരു ജാതി ജാതകം' മനോരമ മാക്സിൽ കാണാം. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും എം.മോഹനനും ഒന്നിക്കുന്ന ചിത്രമാണിത്. ബാബു ആന്റണി, പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. സംഗീതം ഗുണസുബ്രഹ്മണ്യം. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിങ് രഞ്ജൻ ഏബ്രഹാം എന്നിവർ നിർവഹിക്കുന്നു.

12. അൻപോടു കൺമണി

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം 'അൻപോടു കൺമണി' ആമസോൺ പ്രൈം വിഡിയോയിൽ കാണാം. വിവാഹജീവിതത്തിൽ നവദമ്പതികൾ അനുഭവിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.

13. മച്ചാന്‍റെ മാലാഖ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാന്‍റെ മാലാഖ' മനോരമ മാക്സിൽ കാണാം. കുമ്പളങ്ങി നൈറ്റ്സിനു ശേഷം സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ. ഷീലു എബ്രഹാം, ആൽഫി പഞ്ഞിക്കാരൻ, രാജേഷ് പറവൂർ, ലാൽജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. സംഗീതസംവിധായകൻ ഔസേപ്പച്ചനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

14. ദാസേട്ടന്റെ സൈക്കിൾ

ഹരീഷ് പേരടിയെ പ്രധാന കഥാപാത്രമാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ദാസേട്ടന്റെ സൈക്കിൾ മനോരമ മാക്സിൽ കാണാം. അഖിൽ കാവുങ്കലാണ് ദാസേട്ടന്റെ സൈക്കിളിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി. വിമൽ നിർവഹിക്കുന്നു.

15. കുടുംബ സ്ത്രീയും കുഞ്ഞാടും

ധ്യാൻ ശ്രീനിവാസൻ നായകനായി മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കുടുംബ സ്ത്രീയും കുഞ്ഞാടും' SunNXTൽ കാണാം. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം മഹേഷ് പി. ശ്രീനിവാസനാണ് കഥയെഴുതി സംവിധാനം ചെയ്തത്. പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ചിത്രമാണിത്.

16. എക്സ്‌ട്രാ ഡീസന്റ്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത എക്സ്‌ട്രാ ഡീസന്റ് (ED) മനോരമ മാക്സിൽ സ്ട്രീമിങ്. സുരാജ് വെഞ്ഞാറമൂട് സിനിമ നിർമാണ രംഗത്തേക്ക് കടന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് എക്സ്ട്രാ ഡീസന്റ് നിര്‍മിച്ചത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.

Tags:    
News Summary - Malayalam New OTT Releases on April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.