ഈ ആഴ്ച മൂന്ന് സിനിമകളാണ് മലയാളത്തിൽ നിന്ന് ഒ.ടി.ടിയിൽ എത്തുന്നത്. ഷേഡ്സ് ഓഫ് ലൈഫ്, അന്തരം, വള എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ കാണാൻ കഴിയുന്ന മലയാള ചിത്രങ്ങൾ.
നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്ത 'ഷേഡ്സ് ഓഫ് ലൈഫ്' ഒരു ആന്തോളജി ചിത്രമാണ്. പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു കഥകൾ കോർത്തിണക്കിയ ചിത്രമാണ് 'ഷേഡ്സ് ഓഫ് ലൈഫ്'. നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ, ശ്രീജ കെ. ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കർ, ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്, ശിവദ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നവംബർ 21 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യും.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹ നായികയായ 'അന്തരം' എന്ന ചിത്രവും ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്. പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് അന്തരത്തിന്റെ ഇതിവൃത്തം.
ചിത്രം നവംബർ 15ന് മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. ഫോട്ടോ ജേർണലിസ്റ്റായ പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ ക്വീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച അന്തരത്തിൽ മുറ, എസ്. ദുര്‍ഗ്ഗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് നായകന്‍.
ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് 'വള'. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിന് ശേഷം മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉണ്ട, പുഴു തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്രദ്ധനേടിയ ഹർഷദാണ് വളയുടെ തിരക്കഥ. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
സൈന പ്ലേയിലൂടെ നവംബർ 13ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 19നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്തയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ് (പർഫ്യൂമർ), ഗോകുലൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.