ക്യാരക്ടർ ടീസറിലൂടെ ഏറെ ചർച്ചയായ 'കൂറ' റിലീസിനൊരുങ്ങി. ചെന്നൈയിലെ ഒരു ക്യാമ്പസ് പശ്ചാത്തലമാക്കി കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലറായ 'കൂറ' ഏറെ പ്രതിസന്ധികൾ മറികടന്നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നവാഗതനായ വൈശാഖ് ജോജന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെ സെപ്റ്റംബര്‍ ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്.
നായകനും നായികയുമുള്‍പ്പെടെ മുപ്പതോളം പുതുമുഖങ്ങളെയാണ് 'കൂറ'യിലൂടെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ വ്യത്യസ്തയായ നായിക വേഷമായ സിസ്റ്റര്‍ ജെന്‍സി ജെയ്‌സനെ പുതുമുഖതാരം കീര്‍ത്തി ആനന്ദ് ആണ് അവതരിപ്പിക്കുന്നത്. വാര്‍ത്തിക്കാണ് നായകവേഷത്തിലെത്തുന്നത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 'കൂറ'യുടെ ചിത്രീകരണം 2019ല്‍ ആരംഭിച്ചതാണ്. പ്രളയവും കോവിഡുമെല്ലാം ചിത്രീകരണത്തിന് തടസ്സമായി. കേരളത്തിലെ ഒന്നാം ലോക്ക്ഡൗണിന് മുമ്പ് തന്നെ സിനിമയുടെ എഴുപത് ശതമാനം ജോലികളും അവസാനിച്ചിരുന്നെങ്കിലും ഒരു വര്‍ഷം നീണ്ട കോവിഡ്കാലം സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി. തീയേറ്റര്‍ റിലീസ് എന്ന സ്വപ്നം പൊലിഞ്ഞെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വൈശാഖ് ജോജനും കൂട്ടരും.
പരിസ്ഥിതിപ്രവര്‍ത്തകനായ പ്രഫ. ശോഭീന്ദ്രന്‍ ഉള്‍പ്പെടെ ഒരുകൂട്ടം കോളേജ് അധ്യാപകര്‍ ശ്രദ്ധേയമായ വേഷങ്ങൾ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. പ്രഫ. ശോഭീന്ദ്രന്‍റെ മകന്‍ ധ്യാന്‍ ദേവും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജ്, താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് സെന്‍റ് ജോസഫ് ദേവഗിരി എന്നീ കോളേജുകളിലെ നിരവധി വിദ്യാർഥികളും അധ്യാപകരും 'കൂറ'യുടെ ഭാഗമായിട്ടുണ്ട്.
അധ്യാപകന്‍ കൂടിയായ വൈശാഖ് ജോജന്‍ സിനിമാമോഹികളായ തന്‍റെ ഒരുപറ്റം വിദ്യാർഥികളെ കൂടി ഈ ചലച്ചിത്രയാത്രയുടെ ഭാഗമാക്കി. ഒരു കാലത്ത് കേരളത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പസ് സിനിമാസംരഭങ്ങളെ വീണ്ടെടുക്കാനുള്ള ഒരു പരിശ്രമം കൂടിയാണ് 'കൂറ'യെന്ന് സംവിധായകൻ പറയുന്നു. 'കിളി' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത വൈശാഖ് ജോജന്‍റെ നിരവധി കഥകള്‍ കോഴിക്കോട് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിറ്റുണ്ട്. 'ഗുളികന്‍ കലയും അനുഷ്ഠാനവും', 'എന്താണ് സിനിമ' എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഊട്ടി, നിലമ്പൂര്‍, വയനാട്, കോഴിക്കോട് എന്നിവടങ്ങളിലാണ് 'കൂറ'യുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. സിനിമയിലെ 'ഇതു കനവോ' എന്ന ഗാനം കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തു. എ.ജി. ശ്രീരാഗ് സംഗീതം നല്‍കിയ ഗാനത്തിന് വരികളെഴുതിയത് ഡോ. ദീപേഷ് കരിമ്പുങ്കരയാണ്. ഹൃദ്യ കെ ആനന്ദ്, ഹരികൃഷ്ണന്‍ വി.ജി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിജയ് യേശുദാസും ശ്രുതി പീതാംബരനും ചേര്‍ന്നാലപിച്ച 'ഇതള്‍' എന്ന ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. സംഗീതം നിതിൻ പീതാംബരൻ. അരുണ്‍ കൂത്താടത്താണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കലാസംവിധാനം-അതുല്‍ സദാനന്ദന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജനുലാല്‍ തയ്യില്‍, അസോസിയേറ്റ് ഡയറക്ടര്‍-റാനിഷ്, അസിസ്റ്റന്റ് ഡയറക്ടര്‍-അക്ഷയ്കുമാര്‍, ഡിജിറ്റല്‍ ഹെഡ്-നിപുണ്‍ ഗണേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.