‘ജനനായകന്’ വീണ്ടും കുരുക്ക്; റിലീസ് അനുമതിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്​റ്റേ

ദളപതി വിജയ് നായകനാവുന്ന ‘ജനനായകൻ’ റിലീസ് വീണ്ടും പ്രതിസന്ധിയിൽ. സിനിമക്ക് പ്രദർശനാനുമതി നൽകിയ മദ്രാസ് ഹൈകോടതിയി​ലെ സിംഗ്ൾ ബെഞ്ച് ഉത്തരവിനെ സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്. ഇതോടെ സിനിമ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്. സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ് ബെഞ്ചിന്റെ ഉത്തരവ്.

ചിത്രത്തിന് സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് നിർമാതാക്കൾ മദ്രാസ് ഹൈകോടതി​യെ സമീപിച്ചത്. അവിടുന്ന് യു.എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി ലഭിച്ചിരുന്നു. ഈ ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് നിർമാണ കമ്പനിയുടെ തീരുമാനം. ജനനായകനൊപ്പം പ്രദർശനാനുമതി ലഭിക്കാത്ത ശിവകാർത്തികേയന്റെ ‘പരാശക്തി’ക്ക് ചില മാറ്റങ്ങൾ വരുത്തിയതിനെ തുടർന്ന് യു.എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്ന് വാദിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകാതിരുന്നത്.

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജനനായകൻ’. ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഇത്. പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിർമാണകമ്പനി പണം തിരിച്ചു നൽകിയിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്ന വിജയ്യുടെ അവസാനത്തെ ചിത്രമാണ് ജനനായകൻ.

വിനോദ് എച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആമസോൺ പ്രൈം വിഡിയോക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് അവകാശം.

Tags:    
News Summary - Jananayakan movie release; Division Bench stays release approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.