വിജയ്യുടെ ജനനായകന് പിന്നാലെ ശിവകാർത്തികേയന്റെ ‘പരാശക്തി’ക്കും സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. സെൻസർ ബോർഡിന്റെ യു.എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നാളെ തിയറ്ററുകളിൽ റിലീസിനെത്തും.
സുരറൈ പോട്രുവിന് ശേഷം സുധ കൊങ്കരെ സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രതിഷേധ രംഗങ്ങൾ വെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പരാശക്തിക്ക് പ്രദർശനാനുമതി നൽകാതിരുന്നത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ നിർമിച്ച ചിത്രത്തിൽ പ്രതിഷേധങ്ങൾ ചിത്രീകരിക്കുന്ന രംഗങ്ങളിൽ ഉൾപ്പെടെ നിരവധി വെട്ടിച്ചുരുക്കലുകൾ നടത്താൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
രംഗങ്ങളിൽ മാറ്റങ്ങൾ വരുത്താനോ അവ പൂർണമായും നീക്കം ചെയ്യാനോ ബോർഡ് നിർദ്ദേശിക്കുകയും സുധ കൊങ്കര അതിന്റെ റിവൈസിങ് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. വെട്ടിച്ചുരുക്കൽ സിനിമയുടെ കഥയെ പ്രതികൂലമായി ബാധിക്കുമെന്നും ചരിത്രപരമായ പ്രസക്തി കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് ദുർബലമാക്കുമെന്നും സംവിധായക കമ്മിറ്റിയോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സിനിമക്ക് യു.എ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ചിത്രത്തിന്റെ നിർമാണ കമ്പനിയായ ഡോൺ പിക്‌ചേഴ്‌സ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.
സീ ഫൈവ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങൾ 52 കോടി രൂപക്ക് സ്വന്തമാക്കിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തുകക്ക് വിറ്റഴിച്ച ചിത്രം കൂടെയാണിത്. ശിവകാർത്തികേയന്റെ 25-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദി പ്രതിഷേധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. നടൻ രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.