ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീറിൽ കുടുങ്ങിയ മലയാള സിനിമ സംഘം ഉടൻ നാട്ടിലേക്ക് മടങ്ങും. 'ഗോളം' സിനിമയുടെ സംവിധായകൻ സംജാദിന്റെ പുതിയ ചിത്രമായ 'ഹാഫ്' എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് ജയ്സാൽമീറിൽ കുടുങ്ങിയത്.
ഷെല്ലാക്രമണം ശക്തമായതിനെ തുടർന്നാണ് സിനിമ ഷൂട്ടിങ് നിർത്തിവെച്ചത്. റോഡ് മാർഗം അഹമ്മദാബാദിലെത്താനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. അവിടെ നിന്ന് വിമാനമാർഗം കൊച്ചിയിലെത്താമെന്ന പ്രതീക്ഷയിലാണ്.
'രാജസ്ഥാന്റെ അതിർത്തി പ്രദേശത്ത് ഏതാണ്ട് പത്ത് ദിവസമായി ചിത്രീകരണം ആരംഭിച്ചിട്ട്. ഇന്നലെ മുതൽ അപായ സൈറൺ മുഴങ്ങിയിരുന്നു. ഹോട്ടലിൽ മടങ്ങിയെത്തിയതിന് ശേഷമാണ് ഷെല്ലാക്രമണം നേരിട്ട് കണ്ടത്. നഗരം മുഴുവൻ ലൈറ്റുകൾ ഓഫ് ചെയ്തിരുന്നു. ഷെല്ലുകൾ ആകാശത്തൂടെ പോകുന്നതും ആർമി വെടിച്ചിടുന്നതും ഹോട്ടലിൽ ഇരുന്ന് കൊണ്ട് തന്നെ കാണാമായിരുന്നു.' നടി ഐശ്വര്യ പറഞ്ഞു.
അതേസമയം, ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ വ്യോമാക്രമണ ഭീഷണി കണക്കിലെടുത്ത് ചണ്ഡീഗഡിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സൈറൺ മുഴക്കുകയും ജനങ്ങളോട് വീടിനുള്ളിൽ തന്നെ ഇരിക്കാനും വൈദ്യുതി ഓഫ് ചെയ്യാനും ചണ്ഡീഗഡ് ഭരണകൂടം നിർദേശം നൽകി.
പാക് ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മൊഹാലിയിലും ജാഗ്രത നിർദേശമുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ഗ്രാമങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ആക്രമണം ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.
ഇന്ത്യ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ച വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക് ഡ്രോണുകളെ സുരക്ഷാസേന പ്രതിരോധിച്ചത്. എൽ-70 തോക്കുകൾ, സു-23 എം.എം, ഷിൽക്ക സിസ്റ്റങ്ങൾ, മറ്റ് നൂതന പ്രതിരോധ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതിരോധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.