കൊച്ചി: ജൂൺ ഒന്നുമുതൽ പ്രഖ്യാപിച്ച സമരത്തെച്ചൊല്ലി നിർമാതാക്കൾക്കിടയിൽ ഉടലെടുത്ത തർക്കം മലയാള സിനിമയിൽ പുതിയ ചേരിപ്പോരിന് വഴിതുറക്കുന്നു. നിർമാതാവ് ജി. സുരേഷ് കുമാറിനെ നിശിതമായി വിമർശിച്ച് ആന്റണി പെരുമ്പാവൂരും ഇതിന് മറുപടിയുമായി സുരേഷ് കുമാറും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സുരേഷ് കുമാറിനെ പിന്തുണച്ച് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ആന്റണിയെ അനുകൂലിച്ച് ചില താരങ്ങളും രംഗത്തെത്തിതോടെയാണ് തർക്കം നിർമാതാക്കളും അഭിനേതാക്കളും തമ്മിലെ ചേരിപ്പോരായി മാറിയത്.
സമരം നടത്താനുള്ള തീരുമാനം കൂട്ടായി എടുത്തതാണെന്നും അതിനെ ആന്റണി സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് ശരിയായില്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. സംഘടനക്കെതിരായ ഏത് നീക്കത്തെയും ചെറുക്കുമെന്നും അസോസിയേഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഫെബ്രുവരി ആറിന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫെഫ്ക്കയും സംയുക്തമായി ചേർന്ന യോഗത്തിലാണ് ജൂൺ ഒന്നുമുതൽ സമരം നടത്താൻ തീരുമാനിച്ചത്. ഭാരവാഹികള്‍ ഇല്ലാത്തതിനാൽ താരസംഘടനയായ ‘അമ്മ’യെ ഒഴിവാക്കി.
പ്രസിഡന്റായ ആന്റോ ജോസഫിന്റെ അഭാവത്തിലാണ് വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ യോഗതീരുമാനങ്ങൾ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചത്. ക്ഷണിച്ചിട്ടും ആന്റണി പെരുമ്പാവൂർ യോഗത്തില്‍ പങ്കെടുത്തില്ല. അതിനാൽ സുരേഷ് കുമാറിനെ ആന്റണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ‘അമ്മ’യും താരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയവരുമാണ് ആന്റണിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്.
അഭിനേതാക്കൾ പ്രതിഫലം കൂട്ടുന്നതിനാലാണ് സിനിമ പരാജയപ്പെടുന്നതെന്ന ജി. സുരേഷ്കുമാറിന്റെ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ‘അമ്മ’ സംഘടന മുൻ വൈസ് പ്രസിഡൻറും അഡ്ഹോക് കമ്മിറ്റിയംഗവുമായ ജയൻ ചേർത്തല പറഞ്ഞു. പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിർമാതാക്കൾ സിനിമ എടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ല. താരങ്ങൾ പ്രതിഫലം കൂട്ടുന്നതുകൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്നത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.