സിനിമ റിലീസിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹരജി കോടതി തള്ളി. ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അനുകൂലമായ പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിച്ച് മുന്നോട്ട് പോകരുതെന്നും നിർമാതാക്കൾ യാഥാർഥ്യം മനസിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾക്കെതിരെ റിലീസിന് പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്. തമിഴിൽ മാത്രമല്ല മറ്റ് ഇൻഡസ്‌ട്രികളിലും സമാന സാഹചര്യം ചൂണ്ടിക്കാണിച്ച് നിർമാതാക്കൾ രംഗത്ത് വന്നിരുന്നു.
തമിഴിൽ കഴിഞ്ഞ വർഷങ്ങളിലായി റീലീസ് ചെയ്ത സൂപ്പർ സ്റ്റാർ സിനിമകളിൽ പലതും ബോക്സ് ഓഫിസിൽ വിജയം കണ്ടിരുന്നില്ല. സിനിമകൾക്ക് നേരെയുണ്ടയ നെഗറ്റീവ് റിവ്യൂ ചിത്രങ്ങളുടെ കളക്ഷനെയും ബാധിച്ചിരുന്നു. ബിഗ് ബജറ്റ് സിനിമകൾക്ക് മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാൻ ആകാതിരുന്നത് നിർമാതാക്കളെയും ബാധിച്ചു. അതാണ് നിർമാതാക്കളെ കോടതിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.