സൽമാൻ ഖാന്റെ തിരിച്ചുവരവ്! 'മാതൃഭൂമി' റിലീസ് തീയതി പ്രഖ്യാപിച്ചു

മുംബൈ: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി' ഡിസംബർ 4ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നവംബർ 6ന് മുംബൈയിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് താരം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2020ലെ ഇന്ത്യ-ചൈന അതിർത്തിയിൽ ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രീകരണം പൂർത്തീകരിച്ചിട്ടും പ്രദർശനത്തിന് വൈകിയത് വിഎഫ്എക്‌സ് എഡിറ്റിങ് മൂലമാണെന്നാണ് സൽമാൻ ഖാൻ വ്യക്തമാക്കി. 'ഇന്നത്തെ കാലത്ത് വിഎഫ്എക്‌സ് നിരീക്ഷിച്ച് വിലയിരുത്തുന്ന വിദഗ്ദ്ധർ നിരവധിയുണ്ട്. അതിനാൽ, ഒരു സീൻ പോലും സൂം ചെയ്ത് കുറ്റം പറയാൻ ആർക്കും അവസരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ദൃശ്യപരമായി എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരിക്കും ചിത്രം.' - സൽമാൻ പറഞ്ഞു. 45-50 ദിവസത്തിനുള്ളിൽ ഷൂട്ടിങ് പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നായികക്ക് പരിക്കേറ്റതിനെ തുടർന്ന് ചിത്രീകരണം നീളുകയായിരുന്നു. തുടന്നാണ്‌ ആഗസ്റ്റിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം ഒടുവിൽ ഡിസംബർ 4ലേക്ക് മാറ്റിയത്.

'ബാറ്റിൽ ഓഫ് ഗൽവാനിൽ' നിന്ന് 'മാതൃഭൂമി'യിലേക്ക്

ആദ്യം 'ബാറ്റിൽ ഓഫ് ഗൽവാൻ' എന്ന പേരിൽ പ്രഖ്യാപിച്ച ചിത്രം പിന്നീട് 'മാതൃഭൂമി' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഏപ്രിലിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. സിനിമക്ക് സെൻസർ ബോർഡ് (CBFC) ക്ലിയറൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ സൽമാൻ ഖാൻ ഫിലിംസ് മുമ്പ് നിഷേധിച്ചിരുന്നു.

ചിത്രത്തിലെ പ്രധാന വേഷത്തിന് പുറമെ ഗായകനായും സൽമാൻ എത്തുന്നുണ്ട്. ചിത്രത്തിൽ സൽമാൻ പാടിയ പുതിയ ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഗാനം സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മുമ്പും സ്വന്തം ചിത്രങ്ങളിൽ പാടിയിട്ടുള്ള സൽമാൻ ഖാൻ, 'ഹലോ ബ്രദർ' എന്ന ചിത്രത്തിലെ 'ചാന്ദി കി ദാൽ പർ' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ഗായകനായി അരങ്ങേറിയത്.

Tags:    
News Summary - Salman Khan's Maatrubhumi Movie Release Date Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.