മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം; ദിലീപ് ചിത്രം ‘ബാന്ദ്ര’ ഒ.ടി.ടിയിലെത്തുന്നത് നവംബർ 13ന്

തിയറ്റർ റിലീസിന് ശേഷം മൂന്ന് വർഷത്തോളം ഒ.ടി.ടി. വരവിനായി കാത്തിരുന്ന ദിലീപ് ചിത്രം ‘ബാന്ദ്ര’ ഒടുവിൽ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. സീ5 (ZEE5) ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 13 മുതൽ ചിത്രം പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യും.

‘രാമലീല’ക്കു ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിച്ച ചിത്രമായിരുന്നു ‘ബാന്ദ്ര’. മുംബൈയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രത്തിൽ തെന്നിന്ത്യൻ താരം തമന്നയാണ് നായികയായെത്തിയത്. 2023 നവംബർ 10നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാൽ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.

തിയറ്റർ റിലീസിന് പിന്നാലെ ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം സംബന്ധിച്ച് പലതവണ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ആമസോൺ പ്രൈം വീഡിയോ, സോണി ലിവ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ചിത്രം സ്വന്തമാക്കിയെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഒടുവിൽ നിർമാണ കമ്പനിയായ അജിത് വിനായക ഫിലിംസാണ് ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്.

‘ബാന്ദ്ര’യുടെ കഥയും താരനിരയും

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക് എന്ന അലയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തമന്നയാണ് ദിലീപിന്റെ നായികയായി എത്തിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്.

ദിലീപിനും തമന്നയ്ക്കും പുറമെ ഡിനോ മോറിയ, മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ശരത്കുമാർ, ലെന, ഗണേഷ് കുമാർ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. സാം സി.എസ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിങ്ങും കൈകാര്യം ചെയ്തു.

ഏകദേശം 35 കോടി രൂപ ചെലവിലാണ് ചിത്രം നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സിനിമയിൽനിന്ന് തനിക്ക് ലഭിച്ചത് മൂന്ന് കോടി രൂപ മാത്രമാണെന്ന് നിർമാതാവ് വിനായക അജിത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Bandra OTT Release Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.