രാവണന്റെ സിംഹാസനം 24 കാരറ്റ് സ്വർണത്തിൽ; നിർമാണച്ചെലവ് ഒരു കോടി, രാമായണത്തിന്റെ അണിയറ വിശേഷങ്ങൾ
ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോഡുമായി ഒരുങ്ങിയ നിതേഷ് തിവാരിയുടെ 'രാമായണ'യിലെ ഓരോ നിർമാണവിശേഷങ്ങളും സിനിമാപ്രേമികളെ അമ്പരപ്പിക്കുകയാണ്. ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്കായി വിഎഫ്എക്സിനും സി.ജി.ഐക്കും വൻതുക ചെലവഴിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, ചിത്രത്തിന്റെ ആർട്ട് ഡയറക്ഷനു പിന്നിലെ വമ്പൻ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. രാവണന്റെ സിംഹാസനം നിർമിക്കാൻ ഒരു കോടി രൂപ ചെലവായപ്പോൾ, ചിത്രത്തിൽ ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ശൂർപ്പണഖയുടെ രഥത്തിന് ചെലവായത് 1.5 കോടി രൂപയാണെന്ന് ആർട്ട് ഡയറക്ടർ വെളിപ്പെടുത്തി.
ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രമേശ് അൻധാലെയാണ് നിർമാണത്തിനു പിന്നിലെ വിശേഷങ്ങൾ പങ്കുവെച്ചത്. രാവണൻ കുബേരനെ പരാജയപ്പെടുത്തി ലങ്കയുടെ ഭരണം ഏറ്റെടുക്കുന്ന രംഗത്തിൽ ഉപയോഗിച്ച സിംഹാസനമാണ് ഏറെ ശ്രദ്ധ നേടുന്നത്. സിംഹാസനത്തിന്റെ നിർമാണം പൂർത്തിയാക്കാൻ നാലുമാസമെടുത്തതായി രമേശ് പ്രഭാത് ഖബറിനോട് പറഞ്ഞു. ആദ്യം രൂപകൽപനയുടെ അടിസ്ഥാനത്തിൽ സിംഹാസനത്തിന്റെ കളിമൺ മാതൃക നിർമിച്ചു. പിന്നീട് ഫൈബർ ഉപയോഗിച്ചാണ് യഥാർഥ സിംഹാസനം ഒരുക്കിയത്. ഇതിന് രാജകീയ പ്രൗഢി നൽകുന്നതിനായി 24 കാരറ്റ് ശുദ്ധമായ സ്വർണത്തിന്റെ ഗോൾഡ് ലീഫിങ് അലങ്കാരവും ഉപയോഗിച്ചു. ഇതോടെയാണ് സിംഹാസനത്തിന്റെ നിർമാണച്ചെലവ് ഏകദേശം ഒരു കോടി രൂപയിലെത്തിയത്.
ഒരേയൊരു രംഗത്തിന് 1.5 കോടിയുടെ രഥം
ചിത്രത്തിൽ ശൂർപ്പണഖയായി എത്തുന്ന രാകുൽ പ്രീത് സിങ്ങിനായി ഒരുക്കിയ രഥത്തിനും വൻതുകയാണ് ചെലവഴിച്ചത്. പഞ്ചവടി വനത്തിൽ രാമനെയും ലക്ഷ്മണനെയും കാണാനെത്തുന്ന ശൂർപ്പണഖ സഞ്ചരിക്കുന്ന രംഗത്തിലാണ് ഈ രഥം പ്രത്യക്ഷപ്പെടുന്നത്. ഒരേയൊരു രംഗത്തിൽ മാത്രം ഉപയോഗിക്കുന്നതിനായി നിർമിച്ച രഥത്തിന് 1.5 കോടി രൂപ ചെലവായെന്നാണ് ആർട്ട് ഡയറക്ടറുടെ വെളിപ്പെടുത്തൽ.
രഥത്തിന്റെ നിർമാണം പൂർത്തിയാക്കാൻ മൂന്നുമാസമെടുത്തു. കാഴ്ചയിൽ മനോഹരമായിരിക്കണമെന്നതിനൊപ്പം യഥാർഥത്തിൽ പ്രവർത്തിപ്പിക്കാനും കഴിയുന്ന തരത്തിലായിരുന്നു നിർമാണം. ഇതിന്റെ പ്രവർത്തനക്ഷമതയും രൂപഭംഗിയും ഒരുപോലെ ഉറപ്പാക്കുന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും രമേശ് വ്യക്തമാക്കി. രഥത്തിലും സ്വർണനിറത്തിലുള്ള അലങ്കാരങ്ങൾക്കാണ് പ്രാധാന്യം നൽകിയത്.
1600 കോടിയുടെ ഒന്നാം ഭാഗം
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ സഹകരണത്തിലാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് രാമായണ ഒരുങ്ങുന്നത്. ഒന്നാം ഭാഗത്തിന്റെ നിർമാണച്ചെലവ് ഏകദേശം 1600 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും വേഷമിടുന്നു.
2026 നവംബർ അഞ്ചിന് ഒന്നാം ഭാഗം ആഗോളതലത്തിൽ റിലീസ് ചെയ്തു. രണ്ടാം ഭാഗം 2028ലെ ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.