കിങ് ചിത്രത്തിലെ ദീപികയുടെ ഓറഞ്ച് വസ്ത്രത്തിനെതിരെ വിവാദം; രംഗം ഒഴിവാക്കിയില്ലെങ്കിൽ സിനിമ ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി എം.എൽ.എ

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം കിങിലെ ഗാനത്തിൽ നായിക ദീപിക പദുകോൺ ധരിച്ച ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിനെതിരെ ബി.ജെ.പി എം.എൽ.എയുടെ രൂക്ഷ വിമർശനം. ദീപിക ഓറഞ്ച് വസ്ത്രം ധരിച്ച് നിൽക്കുന്ന രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി ചിത്രം ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി എം.എൽ.എ രവീന്ദർ സിംഗ് നേഗി പറഞ്ഞു.

ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ തു മിൽ ജായേ എന്ന ഗാനത്തിലാണ് വിവാദപരമായ രംഗമുള്ളത്. ഗാനത്തിൽ ദീപിക പദുകോൺ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സനാതന ധർമ്മത്തെ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് എം.എൽ.എ ആരോപിച്ചു.

ഷാരൂഖ് ഖാൻ ഈ രാജ്യത്ത് നിന്ന് പണം സമ്പാദിക്കുകയും എന്നാൽ രാജ്യത്തെ അപമാനിക്കുകയുമാണ് ചെയ്യുന്നതെന്ന് രവി നേഗി പറഞ്ഞു. ഇവർക്ക് കാവി നിറത്തോട് മാത്രമാണ് പ്രശ്നം. ദീപിക പദുകോണിനെ ഒരു കരുവായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും എം.എൽ.എ ആരോപിച്ചു. ഞാൻ ഷാരൂഖ് ഖാനെ ജിഹാദി എന്ന് തന്നെ വിളിക്കുമെന്നും രവീന്ദർ സിംഗ് നേഗി പറഞ്ഞു.

മൂന്ന് വർഷം മുമ്പ് പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം പഠാനിൽ ദീപിക പദുകോൺ ധരിച്ച ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയെച്ചൊല്ലി വലിയതോതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോൾ കിങ് സിനിമയെ ചൊല്ലിയും വിവാദമുയരുന്നത്. സനാതന വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രധാരണം ആവർത്തിച്ചിരിക്കുകയാണെന്നാണ് വിമർശനം. രംഗം പിൻവലിച്ചില്ലെങ്കിൽ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 24-ന് തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുന്ന ചിത്രത്തിനെതിരായ ഈ രാഷ്ട്രീയ പ്രതികരണം സിനിമാ ലോകത്തും സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags:    
News Summary - Deepika padukon dress controversy in king movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.