ഉന്മാദം

കുഞ്ചാക്കോ ബോബന്റെ ആക്ഷൻ ക്രൈം ത്രില്ലർ 'ഉന്മാദം' ഒ.ടി.ടിയിലേക്ക്: സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിച്ച ക്രൈം ത്രില്ലർ ചിത്രം 'ഉന്മാദം' ഡിജിറ്റൽ  സ്ട്രീമിങ്ങിന്  ഒരുങ്ങുന്നു. പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ സെപ്റ്റംബർ 6 മുതൽ ചിത്രം സ്ട്രീമിങ്  ആരംഭിക്കും.

എഡിറ്ററായ കിരൺ ദാസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉന്മാദ'ത്തിനുണ്ട്. 'ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കിരൺ ദാസ്, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'ജോജി', 'മൂത്തോൻ', 'രോമാഞ്ചം', 'റോഷാക്ക്', 'ജോസഫ്', 'ഇലവീഴാ പൂഞ്ചിറ' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് നിർവ്വഹിച്ചിട്ടുണ്ട്. 

ഒരു പൊലീസ് സ്റ്റേഷനിൽ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതും, തൊട്ടാൽ വലിയ പ്രശ്‌നങ്ങളിലേക്ക് വഴിമാറുന്നതുമായ ഒരു ദുരൂഹ ഫയലിന് പിന്നാലെ നായക കഥാപാത്രം പോകുന്നതും അതിനെ തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം. ഇതുവരെ കാണാത്ത തീർത്തും വ്യത്യസ്തവും ശക്തവുമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഇതിൽ അവതരിപ്പിക്കുന്നത്. 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിന് ശേഷം ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീർ വീണ്ടും കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, സിജോയ് വർഗീസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. അർജുൻ സേതു ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. എഡിറ്റിങ് സംവിധായകൻ കിരൺ ദാസ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

Tags:    
News Summary - Kunchacko Boban Starrer 'Unmadham' Gets OTT Release Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.