ചന്ദ്രോത്സവം
മലയാള സിനിമയിലെ റീ-റിലീസ് ട്രെൻഡിലേക്ക് മോഹൻലാലിന്റെ മറ്റൊരു ക്ലാസിക് ചിത്രം കൂടി എത്തുന്നു. മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2005ൽ തിയറ്ററുകളിലെത്തിയ 'ചന്ദ്രോത്സവം' എന്ന ചിത്രമാണ് പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നത്. ചിത്രം റിലീസ് ചെയ്ത് 21 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് അണിയറപ്രവർത്തകർ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.
മാസ് സിനിമകളുടെ വിജയം ആവർത്തിച്ച മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ നിന്നും കുറച്ചുകൂടി വൈകാരികമായ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഒരു സ്ലോ ബേണർ ചിത്രമായിരുന്നു ചന്ദ്രോത്സവം. ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമിച്ച ചിത്രത്തിൽ ചിറക്കൽ ശ്രീഹരി എന്ന ശക്തമായ കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. നായിക ഇന്ദുലേഖയുടെ വേഷത്തിൽ മീനയും എത്തിയ ചിത്രത്തിന് ഇന്ന് പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്.
എന്നാൽ പ്രമേയത്തിലും അവതരണത്തിലും ഗാനങ്ങളിലും ഏറെ തിളങ്ങിയിട്ടും റീലീസ് സമയത്ത് ബോക്‌സോഫീസിൽ അത്രകണ്ട് മികച്ച സ്വീകാര്യതയല്ല ചിത്രത്തിന് ലഭിച്ചത്. എങ്കിലും കാലം കടന്നുപോയപ്പോൾ ടെലിവിഷൻ പ്രേക്ഷകരും നവമാധ്യമങ്ങളും ഈ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ചിത്രത്തിലെ ഡയലോഗുകളും കഥാപാത്രങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളും ഇന്നും ട്രോളുകളിലും സിനിമാചർച്ചകളിലും സജീവമാണ്.
ചന്ദ്രോത്സവത്തിന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ചിത്രത്തിലെ ഗാനങ്ങളായിരുന്നു. വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിൽ പിറന്ന പാട്ടുകളെല്ലാം അന്നേ സൂപ്പർ ഹിറ്റായിരുന്നു. മുറ്റത്തെത്തും തെന്നലേ,ആരാരും കാണാതെ, പൊന്‍മുളം തണ്ടില്‍ തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട പ്ലേലിസ്റ്റുകളിൽ ഇടംപിടിക്കുന്നവയാണ്. ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമകളാണ്.
മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് പഴയകാല ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ റീമാസ്റ്റർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ച 'ഹൈ സ്റ്റുഡിയോസ്' ആണ് ചന്ദ്രോത്സവവും ഡിജിറ്റൽ പുനർനിർമാണം നടത്തിയിരിക്കുന്നത്. ചിത്രം 4k ദൃശ്യ മികവിലും ഒപ്പം ഡോള്‍ബി അറ്റ്മോസ് ശബ്ദ സാങ്കേതിക വിദ്യയിലുമാണ് തിയേറ്ററുകളിലേക്ക് എത്തുക.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. പഴയകാല തിയറ്റർ അനുഭവം ഇന്നത്തെ ആധുനിക സൗകര്യങ്ങളോടെ ആസ്വദിക്കാൻ സാധിക്കുമെന്നത് മോഹൻലാൽ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കിയിട്ടുണ്ട്.
ചിത്രത്തിൽ മീന, രഞ്ജിത്ത്, മുരളി മേനോൻ, സായ് കുമാർ, സ്ഫടികം ജോർജ്ജ്, ജയകൃഷ്ണൻ, അഗസ്റ്റിൻ, വി.കെ. ശ്രീരാമൻ, ഭീമൻ രഘു, വി. ദക്ഷിണാമൂർത്തി, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന ഗണേഷ്, സീനത്ത്, ഖുശ്ബു, സന്തോഷ്, ടി.പി. മാധവൻ, കോഴിക്കോട് ശാരദ, ജയൻ ചേർത്തല, സി.വി. ദേവ്, അബു സലിം തുടങ്ങി വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.