ഒരു കുട്ടിയുടെ ലോകം എത്രത്തോളം ലളിതമാണോ, അത്രത്തോളം തന്നെ സങ്കീർണമായ വികാരങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. മുതിർന്നവർ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും തങ്ങളുടെ മുൻവിധികൾക്കും സാമൂഹിക നിർമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട് മുതിർന്നവർ ലോകത്തെ നോക്കുമ്പോൾ, കുട്ടികൾക്ക് അത്തരം തടസ്സങ്ങളില്ല. അതുകൊണ്ടുതന്നെ, സാമൂഹിക യാഥാർഥ്യങ്ങളെ ഏറ്റവും നിർമമമായും എന്നാൽ, തീവ്രമായും അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നു. പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ് കുട്ടികളുടെ സിനിമകൾ. പക്ഷേ, എന്താണ് ശരിക്കും ‘കുട്ടികളുടെ സിനിമ’? ഈ ചോദ്യത്തിനുള്ള ഉത്തരം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. കുട്ടികൾക്ക് കാണാനുള്ളവ, കുട്ടികളെക്കുറിച്ചുള്ളവ, കുട്ടികളിലൂടെ ലോകത്തെ കാണിക്കുന്നവ എന്നിങ്ങനെ മൂന്നായി തിരിക്കാം.
കുട്ടികളുടെ സിനിമകൾ എന്ന് പറയുമ്പോൾ അത് വെറും ‘കുട്ടിക്കളികൾ’ എന്ന് പറയുന്ന കാലമുണ്ടായിരുന്നു. ഇന്ന് അത് ഗൗരവമായ സാമൂഹിക ചർച്ചകളിലേക്കും ദാർശനിക തലങ്ങളിലേക്കും വളർന്നിരിക്കുന്നു. യുദ്ധം, വർഗീയത, ദാരിദ്ര്യം, കുടുംബതകർച്ച, മാനസിക സമ്മർദം തുടങ്ങിയ സാമൂഹിക പ്രമേയങ്ങളെ കുട്ടികളുടെ കണ്ണിലൂടെ കാണുമ്പോൾ അവ അനായാസം പ്രേക്ഷകന്റെ ഉള്ളിൽ തൊടുന്നു.
കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമകളുടെ കൂട്ടത്തില്‍ ലോകവ്യാപകമായി തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെട്ടതും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രശംസ ഒരേ പോലെ പിടിച്ചുപറ്റിയതുമായ ചിത്രമാണ് മജീദ് മജീദിയുടെ ‘ചിൽഡ്രൻ ഓഫ് ഹെവൻ’. ആദ്യം കഥ കേട്ട സമയത്ത് ആരും ഇത് നിർമിക്കാൻ തയാറായിരുന്നില്ല. രണ്ടു വർഷം കാത്തിരുന്നു. പത്തിലേറെ കമ്പനികൾ നിരസിച്ച ചിത്രം ഒടുവിൽ പരിമിതമായ ബജറ്റിൽ തിയറ്ററിലെത്തി. അത് നേടിയതാകട്ടെ 100ന് പുറത്തു അവാർഡുകളും. ലോകത്തെ 30ൽപരം ഭാഷകളിൽ ചിൽഡ്രൻ ഓഫ് ഹെവൻ മൊഴിമാറ്റം ചെയ്യപ്പെട്ടു, പത്തിലേറെ രാജ്യങ്ങളിൽ ഈ ചിത്രം പാഠഭാഗമാണ്.
ചിൽഡ്രൻ ഓഫ് ഹെവന്റേത് അങ്ങേയറ്റം ലളിതമായ കഥയാണ്. ആദ്യ ഘട്ടത്തിൽ നാടകീയതകളൊന്നുമില്ലാതെ സഞ്ചരിക്കുന്ന സിനിമയിലേക്ക് പതിയെ പല ഇമോഷനുകൾ കടന്നുവരുന്നു. തെഹ്‌റാനിലെ ഒരു ദരിദ്ര കുടുംബത്തിലെ അലി, സെഹ്‌റ എന്നീ സഹോദരങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. അലിയുടെ കൈയിൽ നിന്നും അബദ്ധത്തിൽ അനിയത്തി സെഹ്‌റയുടെ ഒരേയൊരു ജോടി പിങ്ക് ഷൂസ് നഷ്ടപ്പെടുന്നു. പുതിയൊരെണ്ണം വാങ്ങാൻ അച്ഛനോട് പറയാൻ കുട്ടികൾക്ക് ഭയമാണ്. അത്രത്തോളം നിർധനരാണ് തങ്ങളുടെ മാതാപിതാക്കൾ എന്ന് ആ കുഞ്ഞുങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. അലിയുടെ ഷൂസ് മാറിമാറി ധരിച്ചാണ് അവർ സ്കൂളിൽ പോയിരുന്നത്. ഒരൊറ്റ വഴിയിലൂടെ അവർ വീണ്ടും വീണ്ടും ഓടുന്നു.
അലിയുടെ അമ്മ രോഗബാധിതയാണ്. വീട്ടിലെ ജോലികൾ ചെയ്യാനോ കുട്ടികളെ സഹായിക്കാനോ അവർക്ക് കഴിയുന്നില്ല. അമ്മയുടെ ചികിത്സക്കായി വലിയ തുക ചെലവാകുന്നുമുണ്ട്. വളരെ തുച്ഛമായ വരുമാനം മാത്രമുള്ള ജോലിയാണ് അച്ഛനുള്ളത്. കടയിലെ കുടിശ്ശികയും വീട്ടുവാടകയും കൊടുക്കാൻ പോലും അയാൾ പ്രയാസപ്പെടുകയാണ്. ഒരു പുതിയ ഷൂസ് ചോദിച്ച് അച്ഛനെയും അമ്മയെയും കൂടുതൽ മാനസിക വിഷമത്തിലാക്കരുത് എന്ന കരുതലാണ് ഷൂസ് നഷ്ടപ്പെട്ട വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കാനും, ഒരൊറ്റ ഷൂസ് മാറിമാറി ഉപയോഗിച്ച് സ്കൂളിൽ പോകാനും അവരെ പ്രേരിപ്പിക്കുന്നത്.
സെഹ്റക്ക് രാവിലെയാണ് സ്കൂൾ, അലിക്ക് ഉച്ചക്കും. അതുകൊണ്ട് രാവിലെ സെഹ്റ അലിയുടെ സ്പോർട്സ് ഷൂസ് ധരിച്ച് സ്കൂളിൽ പോകും. തിരികെ ഓടിവന്ന് ആ ഷൂസ് അലിക്ക് കൈമാറും. അലി സ്കൂളിൽ വൈകാതിരിക്കാൻ സെഹ്റ പരമാവധി വേഗതയിലാണ് ഓടിയെത്തുന്നത്. അത് വാങ്ങി ഇട്ട് അലി തന്റെ സ്കൂളിലേക്ക് ഓടും. അനിയത്തിയുടെ ഷൂസ് നഷ്ടപ്പെടുത്തിയതിലുള്ള കുറ്റബോധം വളരെ തീവ്രമായി അലി അനുഭവിക്കുന്നുണ്ട്.
ഒരു ചെറിയ ചെരിപ്പ് എങ്ങനെ ഒരു സിനിമയുടെ മുഴുവൻ ആത്മാവായി മാറുന്നു എന്നത് ശ്രദ്ധേയമാണ്. ഇവിടെ വില്ലന്മാരോ അമാനുഷിക ശക്തികളോ ഇല്ല. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം അലി പങ്കെടുക്കുന്ന ഒരു ഓട്ടമത്സരമാണ്. മൂന്നാം സ്ഥാനം കിട്ടുന്നവർക്ക് സമ്മാനമായി ലഭിക്കുന്ന പുതിയ സ്പോർട്സ് ഷൂസ് മാത്രമാണ് അവന്‍റെ ലക്ഷ്യം. അലി മത്സരത്തിൽ സർവശക്തിയുമെടുത്ത് ഓടി ഒന്നാം സ്ഥാനം നേടുന്നു. സാധാരണ ഒരു സിനിമയിൽ ഇതൊരു വലിയ വിജയമായാണ് ആഘോഷിക്കുക. എന്നാൽ, ഇവിടെ ആ വിജയം അലിയുടെ സങ്കടം ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. മറ്റെല്ലാവരും വിജയം ആഘോഷിക്കുമ്പോൾ, കാമറകൾക്ക് മുന്നിൽ തലകുനിച്ചുനിൽക്കുന്ന അലിയുടെ ചിത്രം പ്രേക്ഷകരുടെ കണ്ണ് നിറയിക്കും. കാരണം അവന് വേണ്ടിയിരുന്നത് ഒന്നാം സ്ഥാനത്തെ കപ്പല്ല, അനിയത്തിക്കുള്ള ആ ചെറിയ ഷൂസ് മാത്രമായിരുന്നു.
മത്സരത്തിനുശേഷം പൂർണമായും നിരാശനായി അലി വീട്ടിലെത്തുന്നു. അവൻ അവിടെയിരുന്ന് തന്റെ മുറിവപറ്റിയ കാലുകൾ മുറ്റത്തെ ചെറിയ കുളത്തിലെ വെള്ളത്തിലേക്ക് ഇറക്കിവെക്കുന്ന ഒരു രംഗമുണ്ട്. സിനിമയിലുടനീളം തന്റെ അനിയത്തിയല്ലാതെ അലിക്ക് തന്റെ സങ്കടങ്ങൾ തുറന്നുപറയാൻ മറ്റാരുമുണ്ടായിരുന്നില്ല. അവനെ ആശ്വസിപ്പിക്കാനും ആരുമുണ്ടായിരുന്നില്ല. എന്നാൽ, ഈ അവസാന നിമിഷത്തിൽ എല്ലാം മാറുന്നു. ക്ലോസ്-അപ് ദൃശ്യത്തിൽ, ആ കുളത്തിലെ ചുവന്ന സ്വർണമത്സ്യങ്ങൾ അലിയുടെ മുറിവേറ്റ കാലുകൾക്ക് ചുറ്റും വന്ന് പതുക്കെ ചുംബിക്കാൻ തുടങ്ങുന്നു. അതൊരു വലിയ ആശ്വാസമായിരുന്നു അവന്.
ചിൽഡ്രൻ ഓഫ് ഹെവനിൽ ദാരിദ്ര്യം ഒരു പശ്ചാത്തലം മാത്രമാണ്. ഇവിടെ കുട്ടികൾ തോറ്റുപോകാൻ തയാറല്ല. ചെരിപ്പ് നഷ്ടപ്പെട്ടതിനെത്തുടർന്ന് അവർ അനുഭവിക്കുന്ന സമ്മർദം, സ്കൂളിൽ വൈകാതിരിക്കാൻ അവർ നടത്തുന്ന ഓട്ടം ഇതൊക്കെയും അവരുടെ അതിജീവനത്തിന്‍റെ ഭാഗമാണ്. മുന്നിൽ മറ്റൊരു വഴിയും ഇല്ലാതിരുന്നിട്ടുകൂടിയും എത്ര മനോഹരമായാണ് അവർ പരസ്പരം ചേർത്തുപിടിക്കുന്നത്. ഒടുവിൽ ലക്ഷ്യസ്ഥാനം കടന്ന് ബോധരഹിതനായി വീഴുമ്പോൾ, തന്നെ വാരിയെടുക്കുന്ന അധ്യാപകനോട് അവൻ ചോദിക്കുന്ന ഒരൊറ്റ ചോദ്യമുണ്ട്. ‘എനിക്ക് മൂന്നാം സ്ഥാനം കിട്ടിയില്ലേ?’ എന്ന്. അവിടെ അവൻ ജയിക്കുകയാണോ തോൽക്കുകയാണോ ചെയ്തത് എന്നത് പ്രേക്ഷകന്റെ ഹൃദയത്തെ പിടിച്ചുലക്കുന്ന ഒരു സമസ്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.