യാഷ്

മാസ്സ് ലുക്ക് മാത്രം പോരാ, കഥ വേണം: യാഷ് ചിത്രം ‘ടോക്സിക്കിന്’ ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങൾ; ആരാധകരെ നിരാശയിലാക്കിയോ?

കെ.ജി.എഫ് 2വിന് ശേഷം കന്നഡ സൂപ്പർതാരം യാഷ് നായകനായി തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്'. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വൻ പ്രതീക്ഷകളോടെ ഓണത്തിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തത്.

എന്നാൽ, ചിത്രം പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിൽ നിന്നും സമ്മിശ്രമായ പ്രതികരണങ്ങളാണ് നേടുന്നത്. ഏകദേശം 500 കോടി രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രത്തിൽ യാഷിന്റെ മാസ് സ്ക്രീൻ പ്രസൻസും ഗംഭീരമായ വിഷ്വലുകളും പ്രശംസ പിടിച്ചുപറ്റുമ്പോഴും, തിരക്കഥയിലെ പോരായ്മകളും അമിതമായ അക്രമരംഗങ്ങളും പശ്ചാത്തല സംഗീതവും വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.

എക്സിൽ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തുമ്പോഴും താളംതെറ്റിയ തിരക്കഥയും മോശം സംഭാഷണങ്ങളും എഡിറ്റിങ് പിഴവുകളും സിനിമയെ മടുപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നുവെന്ന് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കെ.ജി.എഫിന്റെ വിജയം ആവർത്തിക്കാൻ വൻ മാസ് രംഗങ്ങളും അക്രമങ്ങളും മാത്രം കുത്തിനിറച്ചതാണ് ഗീതു മോഹൻദാസിന് സംഭവിച്ച പിഴവെന്നാണ് പ്രധാന വിമർശനം. മൂന്ന് മണിക്കൂർ നീളുന്ന ഈ ആക്ഷൻ ചിത്രത്തിൽ യാഷിന്റെ കിടിലൻ ലുക്കും ആക്ഷൻ രംഗങ്ങളും മാത്രമാണ് ആശ്വാസമെന്നും പലരും കുറിക്കുന്നു.

1950കൾക്കും 70കൾക്കും ഇടയിലുള്ള ഗോവയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. റായ എന്ന ക്രിമിനൽ അധോലോക നായകനായും അദ്ദേഹത്തിന്റെ മകനായ റൂമി (ടിക്കറ്റ്) ആയും ഇരട്ട വേഷങ്ങളിലാണ് യാഷ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജി.എഫ് ശൈലി അനുകരിക്കാൻ ശ്രമിച്ച സിനിമയിൽ കഥയില്ലാതെ കേവലം എലവേഷൻ രംഗങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയത് നിരാശപ്പെടുത്തിയെന്ന് ആരാധകരിൽ ചിലരും അഭിപ്രായപ്പെടുന്നുണ്ട്.

എന്നാൽ ഈ സമ്മിശ്ര പ്രതികരണങ്ങൾ ഒന്നും തന്നെ ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കലക്ഷനെ ബാധിച്ചിട്ടില്ല. ഇന്ത്യയിൽ നിന്ന് മാത്രം റിലീസിന് മുൻപുള്ള അഡ്വാൻസ് ബുക്കിങ്ങിലൂടെ 49 കോടി രൂപ ചിത്രം നേടിയിരുന്നു. ആദ്യദിനം ഇന്ത്യയിൽ നിന്ന് 80 മുതൽ 100 കോടി രൂപ വരെയും, ആഗോളതലത്തിൽ 100 മുതൽ 120 കോടി രൂപ വരെയും വാരാൻ 'ടോക്സിക്കിന്' കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. വിമർശനങ്ങൾ ശക്തമാണെങ്കിലും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കാൻ യാഷിന്റെ ഈ ആക്ഷൻ ഡ്രാമക്ക് സാധിക്കുന്നുണ്ട്.

Tags:    
News Summary - Yash's Mass Look Can't Save Weak Script

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.