ഹൃദയത്തിൽ 'ഫെമിനിച്ചി ഫാത്തിമ'; മികച്ച നടിയായി ഷംല ഹംസ

'ഫെമിനിച്ചി ഫാത്തിമ'യിലെ അഭിനയത്തിലൂടെ മികച്ച നടിയായി ഷംല ഹംസ. പ്രേക്ഷക മനസുകളിൽ മായാത്ത മുദ്ര പതിപ്പിച്ച കഥാപാത്രമായിരുന്നു 'ഫെമിനിച്ചി ഫാത്തിമ'യിലെ ഫാത്തിമ.  തൃത്താല പട്ടാമ്പി സ്വദേശിനിയാണ് ഷംല. നേരത്തെ ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിലും ഷംല അഭിനയിച്ചിരുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച 'ഫെമിനിച്ചി ഫാത്തിമ' നിരവധി ചലചിത്രമേളകളിൽ അംഗീകാരം നേടിയിരുന്നു.

സിനിമ പ്രായഭേദമന്യേ ആളുകൾ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്ന് ഷംല ഹംസ നേരത്തെ പറഞ്ഞിരുന്നു. 2024ലെ ഐ.എഫ്.എഫ്.കെയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 2025 ഒക്ടോബർ 10നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. എ.എഫ്.ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനൽ റൗണ്ടിൽ എത്തിയിരുന്നു. കൂടാതെ രേഖാചിത്രത്തിലെ അഭിനയത്തിന് അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി, അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ടായിരുന്നു. സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ടായിരുന്നു.

Tags:    
News Summary - kerala state film award best actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.