കത്തനാർ ട്രെയിലർ പുറത്തിറങ്ങിയതിനു ശേഷം അനുഷ്ക ഷെട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. അനുഷ്കയുടെ നിള, ലോകയിലെ കല്യാണി പ്രിയദർശന്റെ നീലി ആയിരിക്കാമെന്നും രണ്ട് കഥാപാത്രങ്ങളും ഒരേ നാടോടിക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കൂടുതൽ പേരും സിനിമയുടെ വിഷ്വൽ ഇഫക്റ്റുകളെ കുറിച്ചും, ചിലവിനെ കുറിച്ചും സംസാരിക്കുമ്പേൾ ചില ആരാധകരാകട്ടെ ട്രെയിലറിൽ അനുഷ്ക ഷെട്ടിയെ രണ്ട് ഷോട്ടുകളിൽ മാത്രം കാണിച്ചു എന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയാണ്.
കേരളത്തിലെ ആരാധകർക്ക് കള്ളിയങ്കാട്ട് നീലിയും കടമറ്റത്തു കത്തനാരും ഒട്ടും പുതുമ നിറഞ്ഞ കഥാപാത്രങ്ങളല്ല.1979 ലെ മലയാളം ഹൊറർ ചിത്രമായ കള്ളിയങ്കാട്ട് നീലി മുതൽ കടമറ്റത്തു കത്തനാർ എന്ന ടെലിവിഷൻ പരമ്പര വരെ, ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്‍റസി കഥകാളാണ്. എന്നാൽ കേരളത്തിന് പുറത്തുള്ള മിക്ക ആളുകൾക്കും മലയാളത്തിലെ സൂപ്പർഹീറോ ചിത്രം ലോകയിലെ ചന്ദ്രയിലൂടെയാണ് നീലിയെ പരിചയം.
അനുഷ്കയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിള എന്ന പേരിലാണ്, നീലി എന്നല്ല. എന്നാൽ പേരുകൾക്ക് വളരെ സാമ്യമുണ്ട്. ഇതിനാലാണ് ആരാധകർ ഇത്തരം സംശയങ്ങൾ പ്രകടിപ്പിക്കുന്നത്. 'നിങ്ങൾക്കറിയാവുന്ന കഥയല്ല' എന്നാണ് ട്രെയിലറിൽ ഇതേ കുറിച്ചു നൽകുന്ന സൂചന. ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനകംതന്നെ വലിയ ആരാധക പിന്തുണയുണ്ട്. മനുഷ്യശക്തിക്ക് അതീതമായ ചില അനുഭവങ്ങളാണ് സിനിമയിലൂടെ ആവിഷ്കരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആന്‍റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. മഹാമാന്ത്രികനെന്നു വിശേഷിപ്പിക്കാവുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചുള്ള കലാസൃഷ്ടികളെല്ലാം ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. ആ കഥാപാത്രത്തോടുള്ള കൗതുകവും ആകാംക്ഷയുമാണ് ഈ ചിത്രത്തിന്റേയും പിൻബലം.
കത്തനാർ ദി വൈൽഡ് സോഴ്സർ എന്നാണ് ടാഗ് ലൈൻ. ജയസൂര്യയുടെ നായക വേഷത്തിന് പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്ക്ക ഷെട്ടി, തമിഴ് താരം പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ്, സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ സുശീൽ കുമാർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നാൽപ്പത്തി അയ്യായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയ മോഡുലർ ഷൂട്ടിങ് ഫ്ളോറിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്ളോർ ആണിത്. മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ചിത്രം എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.