സൂര്യ
തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച സൂര്യ ചിത്രം 'കറുപ്പ്' ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ കളർ ഗ്രേഡിങ്ങിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയുടെ വിഷ്വൽസ് തികച്ചും മങ്ങിയതാണെന്നും കളർ ഗ്രേഡിങ് പരാജയമാണെന്നുമാണ് പ്രേക്ഷകരിൽ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. മെയ് 15ന് തിയറ്ററുകളിലെത്തിയ കറുപ്പ് ആർ.ജെ ബാലാജിയുടെ മികച്ച സംവിധാന മികവിലും, ആകർഷകമായ തിരക്കഥയിലും പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ പിടിച്ചുപറ്റിയിരുന്നു.
ചിത്രം ഇതിനകം 340 കോടി രൂപയിലധികം ആഗോള കലക്ഷൻ നേടിക്കഴിഞ്ഞു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ചിത്രം മാറിക്കൊണ്ടിരിക്കെയാണ് ഇപ്പോൾ ഒ.ടി.ടി റിലീസിന് പിന്നാലെ അപ്രതീക്ഷിതമായി വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്. സിനിമ തിയറ്ററുകളിൽ ഓടിക്കൊണ്ടിരുന്ന സമയത്തും ചില പ്രേക്ഷകർ ചിത്രത്തിന്റെ വിഷ്വലുകളിലെ അമിതമായ 'ബ്ലൂയിഷ്' (നീല) ടോണിനെയും മങ്ങിയ കളറിനെയും കുറിച്ച് സംസാരിച്ചിരുന്നു.
തിയറ്ററുകളിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ തന്നെ ഇത്ര വേഗത്തിൽ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പലരും ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും, തിയറ്റർ റിലീസ് കുറച്ചുദിവസം കൂടി നീട്ടിവെക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്തായാലും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പ്രൈം വീഡിയോയിൽ ലഭ്യമാകും. 'വീരഭദ്രുഡു' എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നത്.
എന്നാൽ പ്രൈം വിഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചതോടെ ഈ വിമർശനം കൂടുതൽ ശക്തമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്നത്. ‘സിനിമയുടെ ഒ.ടി.ടി പതിപ്പ് വളരെ നിരാശപ്പെടുത്തുന്നതാണ്. വിഷ്വലുകൾ വളരെ മോശമായ രീതിയിലാണ് ഗ്രേഡ് ചെയ്തിരിക്കുന്നത്’ എന്ന് ഒരു പ്രേക്ഷകൻ കുറിച്ചപ്പോൾ, മറ്റൊരാൾ പ്രതികരിച്ചത് ‘സിനിമയുടെ ടീസറിലെ കളർ ഗ്രേഡിങ് പെർഫെക്റ്റ് ആയിരുന്നു. ജി.കെ വിഷ്ണുവിന്റെ ഓരോ ഫ്രെയിമുകളും വേറെ ലെവൽ വിഷ്വൽസ് ആണ് സമ്മാനിച്ചത്. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ ആ ഫ്രെയിമുകളോട് നീതി പുലർത്താൻ കളർ ഗ്രേഡിങ്ങിന് സാധിച്ചില്ല’ എന്നായിരുന്നു.
അതേസമയം, ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പിന്തുണച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രമായ 'കറുപ്പസാമി' എന്ന കാവൽദൈവത്തിന്റെ സ്വാഭാവികവും നിഗൂഢവുമായ അന്തരീക്ഷം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ബോധപൂർവ്വം തന്നെ തിരഞ്ഞെടുത്ത വിഷ്വൽ ശൈലിയാകാം ഇതെന്നാണ് ആരാധകരുടെ വാദം. എന്നാൽ ഭൂരിഭാഗം സിനിമാപ്രേമികളും ആവശ്യപ്പെടുന്നത് ഒ.ടിടിയിലെ ഈ സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിച്ച് നല്ലൊരു പതിപ്പ് ആമസോൺ പ്രൈമിൽ ലഭ്യമാക്കണമെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.