യാഷിന്റെ ‘ടോക്സിക്’ ട്രെയിലർ ആഗസ്റ്റ് 8-ന്; ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ

സിനിപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയിലർ ആഗസ്റ്റ് 8-ന് പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും ഇതുവരെയുള്ള അതേ നിഗൂഢത നിലനിർത്തുന്നതാണ്. യാഷ് അവതരിപ്പിക്കുന്ന ‘റായ’ എന്ന കഥാപാത്രത്തിന്റെ നിഴൽ, കൈയിൽ ടോമി ഗൺ പിടിച്ചിരിക്കുന്ന രൂപത്തിൽ പോസ്റ്ററിൽ കാണാം. കഥയെക്കുറിച്ചുള്ള യാതൊരു സൂചനയും നൽകാതെ തന്നെ ചിത്രത്തിന്റെ നിഗൂഢവും തീവ്രവുമായ ലോകത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നതാണ് ഈ പോസ്റ്റർ. ഇതുവരെ പുറത്തിറങ്ങിയ ഓരോ പോസ്റ്ററും പോലെ തന്നെ, പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ട്രെയിലർ ബംഗളൂരുവിൽ ആദ്യം പുറത്തിറക്കും. യാഷിന്റെയും കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും സ്വന്തം നാടായ കർണാടകയിൽ നിന്നാണ് ചിത്രത്തിന്റെ പ്രമോഷൻ ഔദ്യോഗികമായി ആരംഭിക്കുന്നത്. ‘ടോക്സിക്’ ചിത്രീകരണം ആരംഭിച്ചതിന്റെ രണ്ടാം വാർഷികമായ ആഗസ്റ്റ് 8-നാണ് ട്രെയിലർ പുറത്തിറങ്ങുന്നത്.

ഇതുവരെ പുറത്തുവിട്ട ഓരോ ദൃശ്യവും നിഗൂഢതക്കാണ് പ്രാധാന്യം നൽകിയിരുന്നത്. ശ്രദ്ധേയമായ ദൃശ്യങ്ങളും ദുരൂഹമായ സൂചനകളും ചേർത്ത് പ്രേക്ഷകർ തന്നെ ചിത്രത്തിന്റെ ലോകം കൂട്ടിച്ചേർക്കുന്ന തരത്തിലായിരുന്നു പ്രചാരണം. ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന ട്രെയിലർ ആ ചിത്രത്തിന്റെ അവസാന കണ്ണിയായി മാറും. ചിത്രത്തിന്റെ ലോകം, കഥാപാത്രങ്ങൾ, വിസ്മയിപ്പിക്കുന്ന സ്കെയിൽ, ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്ന കഥ എന്നിവയുടെ സമഗ്രമായൊരു അനുഭവമാണ് ട്രെയിലറിലൂടെ പ്രേക്ഷകരിലേക്ക് എത്തുക.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ആഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - യാഷിന്റെ ടോക്സിക് ട്രെയിലർ ആഗസ്റ്റ് 8-ന്| ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.