ബോളിവുഡിലെ പ്രശസ്ത സിനിമ കുടുംബമാണ് കപൂർ കുടുംബം. എല്ലാതവണത്തെയും പോലെ ഇത്തവണയും ഇവർ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെ ദീപാവലി ആഘോഷങ്ങൾ കാണാൻ ആരാധകർ ഏറെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ സാമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായത് കപൂർ കുടുംബത്തിലെ ദീപാവലി ആഘോഷമാണ്. കരീന കപൂർ നടത്തിയ ദീപാവലി ആഘോഷത്തിൽ ആലിയ ഭട്ട്, കരിഷ്മ കപൂർ, നീതു കപൂർ തുടങ്ങി നിരവധിപേർ പങ്കെടുത്തു. കരീനയുടെ വീട്ടിൽ വെച്ചു നടന്ന ആഘോഷം പല തലമുറകളുടെ ഒത്തുചേരലായി മാറി.
രാജസ്ഥാനി വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് കരീന അതിഥികളെ സ്വീകരിച്ചത്. ആഘോഷത്തിലെത്തിച്ചേർന്ന ആലിയയും നീതു കപൂറും വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. കരീനയുടെ ഭർത്താവും നടനുമായ സെയ്ഫ് അലിഖാനും അവരുടെ കുടുംബവും ആഘോഷത്തിന്‍റെ ഭാഗമായി. സെയ്ഫിന്‍റെ മകനായ ഇബ്രാഹിം അലി ഖാനും ആഘോഷത്തിൽ പങ്കുചേർന്നു. ഓരോ ആഘോഷങ്ങളും ബന്ധങ്ങളുടെ ദൃഡത ഉറപ്പിക്കുന്നതാണെന്നും, ഇവർ എപ്പോഴും സന്തോഷമായിരിക്കട്ടെയെന്നും ആരാധകർ കമന്‍റ് ചെയ്തു.
അതേസമയം, ഈ ദീപാവലി ദിവസത്തിൽ പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് ആലിയയും രണ്‍ബീറും മകള്‍ റാഹയും. കൃഷ്ണരാജ് ബംഗ്ലാവ് എന്നാണ് പുതിയ വീടിന്‍റെ പേരെന്നും മകള്‍ റാഹയുടെ പേരിലാണ് പുതിയ വീട് രജിസ്റ്റര്‍ ചെയ്യുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. 'ദീപാവലി ജീവിതത്തോടുള്ള നന്ദിപറച്ചിലും പുതിയ തുടക്കങ്ങളുമാണ്. ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണക്കും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെയും കുടുംബത്തിന്‍റെയും ഞങ്ങളുടെ പുതിയ അയൽക്കാരുടെയും സ്വകാര്യത നിങ്ങൾ പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ എല്ലാ സ്നേഹവും അറിയിക്കുന്നു. ദീപാവലി ആശംസകൾ!' -ആലിയയും രൺബീറും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ബോളിവുഡിലെ മറ്റു പല താരങ്ങളും ദീപാവലി ആഘോഷങ്ങൾ പങ്കുവെച്ചിരുന്നു. അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും അക്ഷയ് കുമാറും കത്രീന കൈഫും അവരുടെ വീടുകളിൽ ദീപാവലി ആഘോഷങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.