'കാന്താരയിലെ 'ഭൂത കോലം' ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ല'; നടൻ ചേതൻ കുമാനെതിരെ കേസെടുത്തു

ബംഗളൂരു: ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയെ തുടർന്ന് നടൻ ചേതൻ കുമാറിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. ബജ്റംഗ്ദൾ നേതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഋഷഭ് ഷെട്ടി ചിത്രമായ കാന്താരയിൽ കാണിക്കുന്നത് 'ഭൂത കോലം' ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കൾ ഇന്ത്യയിൽ വരുന്നതിനു മുമ്പേ ഇവിടത്തെ ആദിവാസികൾക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നുമായിരുന്നു  ചേതൻ പറഞ്ഞത്.  സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുളള ശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബജ്റംഗ്ദൾ നേതാവ് ശിവകുമാറിനെ കൂടാതെ ഉഡുപ്പി ജാഗരണവേദികെ നടനെതിരെ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. അതേസമയം നടനെ പിന്തുണച്ച് ദലിത് സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. പ്രചീന ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദലിത് സംഘടനാനേതാക്കൾ ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 30നായിരുന്നു കാന്താര തിയറ്ററുകളിൽ എത്തിയത്. 16 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. സിനിമയെ പ്രശംസിച്ച് ഇന്ത്യൻ സിനിമാ ലോകം രംഗത്ത് എത്തിയിരുന്നു. മലയാളത്തിലും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. പൃഥ്വിരാജിന്റെ നിർമാണ കമ്പനിയാണ് മലയാളത്തിൽ എത്തിച്ചത്.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. ഹൊംബൊലയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.ഋഷഭ് ഷെട്ടിക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Kantara Row: FIR Against Actor Chetan for Saying Bhoota Kola Shown in Rishabh Shetty Film Not Part of Hindu Culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.