അക്ഷര ഹാസനും കമൽ ഹാസനും
ഉലക നായകൻ കമൽ ഹാസൻ രാജ്യത്തെ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ്. നടൻ എന്നതിലുപരി ഒരു നല്ല പിതാവ് ആവാനാണ് താൻ പലപ്പോഴും ശ്രമിച്ചിരുന്നത് എന്ന് കമൽഹാസൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ രണ്ടു പെൺമക്കളും അഭിനയരംഗം തിരഞ്ഞെടുത്തവരാണ്. മൂത്തമകൾ ശ്രുതിഹാസൻ തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ വളർന്നു വരുന്ന താരമാണ്. അഭിനയത്തോടൊപ്പം തന്നെ ഗായിക എന്ന നിലയിലും ശ്രുതിക്ക് ആരാധകർ ഏറെയുണ്ട്. കമലിന്‍റെ ഇളയ മകളാണ് അക്ഷര ഹാസൻ. കമൽഹാസന്റെ രണ്ടാം ഭാര്യയായ നടി സരികയിലെ മക്കളാണ് ഇരുവരും. 2004ൽ ഇരുവരും വേർപിരിയുകയായിരുന്നു.
ഇപ്പോഴിതാ മകൾ അക്ഷരക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കമൽഹാസൻ പങ്കുവച്ച കത്താണ് ആരാധക ശ്രദ്ധ നേടുന്നത്. കത്തിൽ മകളെ ജനന സമയത്ത് ആദ്യമായി കണ്ടതിനെക്കുറിച്ച് അദ്ദേഹം ഓർമിക്കുന്നു. അവൾ വളർത്തികൊണ്ടുവന്ന വ്യക്തിത്വത്തിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞുഅക്ഷരയും താനും ഒന്നിച്ചുള്ള പഴയ ഫോട്ടോ കമൽ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ‘പ്രിയപ്പെട്ട അക്ഷര, ഞാൻ ആദ്യം നിന്‍റെ കണ്ണുകൾ കണ്ടിരുന്നില്ല. നീ ഉറങ്ങുകയായിരുന്നു. ഞാൻ നിന്‍റെ അമ്മയുടെ പച്ച നിറത്തിലുള്ള കണ്ണുകളിലേക്ക് നോക്കികൊണ്ട് മനോഹരമായ നിന്നെ എനിക്ക് സമ്മാനിച്ചതിന് നന്ദി പറഞ്ഞു. നിനക്ക് അവളുടെ കണ്ണുകളാണെന്ന് നിന്‍റെ അമ്മ എന്നോട് പറഞ്ഞു. പിന്നീട് ഞാൻ നോക്കിയപ്പോൾ എന്റെ തവിട്ടുനിറത്തിന്റെ ഒരു ഭാഗം കൂടി നിന്‍റെ കണ്ണിൽ ഞാൻ കണ്ടു. മാതാപിതാക്കൾ ബാലിശമായി അവകാശപ്പെടുന്ന ചില സമാനതകളാണിവ. അവ അങ്ങനെയിരുന്നോട്ടെ’ -കമൽ കുറിച്ചു.
‘രൂപത്തിലും ചിന്താഗതിയിലും നീ സുന്ദരിയായ വ്യക്തിയായി വളർന്നു. നിന്റെ ഉള്ളിലെ കുട്ടിയെ നീ ഇപ്പോഴും നിലനിർത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആ കുട്ടി എന്റേതുമാണ്. അവളെ നന്നായി സംരക്ഷിക്കൂ”- കമൽ കൂട്ടിച്ചേർത്തു. ‘എന്നെന്നും നിന്‍റെ ബാപ്പു’ എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിക്കുന്നത്.
കമൽഹാസൻ അവസാനമായി അഭിനയിച്ചത് മണിരത്നത്തിന്റെ തഗ് ലൈഫിലാണ്. സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം ചെയ്യാനിരിക്കുന്ന, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ഗ്യാങ്സ്റ്റർ ചിത്രത്തിനായുള്ള ചർച്ചകളിലാണ് താരം ഇപ്പോൾ. അദ്ദേഹത്തിന്റെ സ്വന്തം ബാനറായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ കീഴിലാണ് ഈ ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.