ഡോ. ബിജുവിനെതിരെ കമൽ; തന്‍റെ സിനിമ തെരഞ്ഞെടുക്കാത്തപ്പോൾ അക്കാദമിയെ തള്ളിപ്പറയുകയാണെന്ന്

തിരുവനന്തപുരം: സംവിധായകന്‍ ഡോ. ബിജു കലഹപ്രിയനെന്ന് സംവിധായകൻ കമൽ. തന്‍റെ സിനിമ തെരഞ്ഞെടുക്കാത്തപ്പോൾ അക്കാദമിയെ തള്ളിപ്പറയുന്നത് ബിജുവിന്‍റെ രീതിയാണ് . ഈ രീതി മുൻപേ ഉള്ളതാണ്. ബിജുവിന്‍റെ നല്ല സിനിമകൾ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.

സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ചലചിത്ര അക്കാദമി ഇടപെടാറില്ല.  സെലക്ഷന്‍ കമ്മിറ്റിയാണത് ചെയ്യുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞുകൊണ്ട് അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മുൻകാലങ്ങളിലും ഇത് ഉണ്ടായിട്ടുണ്ട്. പുതിയ തലമുറയിൽ സിനിമയെ ഗൗരവമായി കാണുന്നവരുടെ എണ്ണം വർധിച്ചു. എല്ലാ കാലത്തും ഐ.എഫ്.എഫ്.കെ അരികുവത്കരിക്കപ്പെട്ട ജനങ്ങൾക്കൊപ്പമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ സ്ഥാനത്തുനിന്ന് ബിജു കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തൊഴിൽ പരമായ കാരണങ്ങൾകൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് ഡോ. ബിജുവിന്‍റെ വിശദീകരണം. നേരത്തെ ബിജുവിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത് എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

കേരളത്തിനും ഗോവക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർഥം ആണെന്നായിരുന്നു ബിജുവിന്‍റെ മറുപടി.

Tags:    
News Summary - Kamal against Dr. Biju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.