സ്റ്റിങ് ആർട്ടിൽ മെനഞ്ഞെടുത്ത ചിത്രവുമായി രമേഷ് നടൻ ജയസൂര്യയോടൊപ്പം
പാലക്കാട്: നൂലുകളിൽ രൂപപ്പെടുത്തിയ സ്വന്തം ചിത്രം കണ്ടപ്പോൾ നടൻ ജയസൂര്യ ഒരുനിമിഷം അമ്പരന്നു. പ്രിയതാരത്തോടുള്ള ആരാധന മൂത്ത് പട്ടാമ്പി എടപ്പലം സ്വദേശി രമേഷ് രൂപപ്പെടുത്തിയ ചിത്രമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. ൈപ്ലവുഡിൽ തറച്ച ആണികളിൽ നൂലുകോർത്താണ് ആശാരിപ്പണിക്കാരനായ രമേഷ് ചിത്രം മെനഞ്ഞെടുത്തത്.
യൂട്യൂബിൽനിന്ന് തേടിപ്പിടിച്ചതാണ് വിദേശത്ത് പ്രചാരത്തിലുള്ള സ്റ്റിങ് ആർട്ട് എന്ന കലാരീതി. ൈപ്ലവുഡിൽ വെള്ള ചാർട്ട് പേപ്പർ പതിച്ചുണ്ടാക്കിയ വെള്ളപ്രതലത്തിൽ മുന്നൂറിലേറെ ആണികൾ തറച്ച് കറുപ്പുനൂലുകൾ പരസ്പരം ചേർത്തു കെട്ടിയാണ് ചിത്രം രൂപപ്പെടുത്തിയത്. ചിത്രം മെനഞ്ഞെടുക്കാൻ 30 മണിക്കൂറോളം എടുത്തുവെന്നും രണ്ടു കി.മീറ്ററോളം നീളത്തിൽ നൂലു വേണ്ടിവെന്നന്നും രമേഷ് പറയുന്നു.
ഒരു പ്രത്യേക അൽഗോരിതം ഉപയോഗിച്ചാണ് സ്റ്റിങ് ആർട്ട് ചെയ്യുന്നത്. ആദ്യം ഗാന്ധിജിയുടെ ചിത്രമാണ് രമേഷ് ചെയ്തുനോക്കിയത്. ജയസൂര്യയുടെ ചിത്രം ചെയ്തുതീർത്തെങ്കിലും വീട്ടിൽ വെച്ചിരിക്കുകയായിരുന്നു. പ്രിയനടന് നേരിട്ടു നൽകാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. ബന്ധുവായ കിരണാണ് ചിത്രം നടന് സമ്മാനിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്.
അവസരവും ഒരുക്കിത്തന്നതോടെ ജയസൂര്യയെ എറണാകുളത്ത് പോയി കണ്ട് ചിത്രം നേരിട്ട് കൈമാറാനായി. അദ്ദേഹം അഭിനന്ദിക്കുകയും പിന്തുണയും ആശംസയും അറിയിക്കുകയും ചെയ്തു. രമേഷിന്റെ പരീക്ഷണങ്ങൾ സ്റ്റിങ് ആർട്ടിൽ മാത്രം ഒതുങ്ങുന്നതല്ല. കഴിഞ്ഞ ഗാന്ധി ജയന്തിദിനത്തിൽ ഗാന്ധിജിയെ പ്രമേയമാക്കി മനോഹരമായ ഇല്യൂഷൻ ആർട്ട് ചെയ്തിട്ടുണ്ട്.
പ്രണവ് മോഹൻലാലിന്റെ ഒരു കഥാപാത്രം വെച്ച് വുഡ് ബേർണിങ് ആർട്ടിലും ഒരുകൈ നോക്കി. സ്വപ്രയത്നത്താൽ ചുവർചിത്രകലയും പഠിച്ചെടുത്തു. പാങ്ങിലെ ശ്രീരാമൻകാവ് ക്ഷേത്രത്തിലെ അയ്യപ്പന്റെ ചുവർചിത്രം രമേഷിന്റെ കരവിരുതിൽ രൂപപ്പെടുത്തിയതാണ്. തെർമോകോളിലും മരത്തിെല കൊത്തുപണികളിലും പ്രാവീണ്യമുള്ള രമേഷിന് എടപ്പലത്ത് സ്വന്തമായി പണിശാലയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.