ദളപതി ആരാധകർക്ക് വീണ്ടും നിരാശ; ‘ജനനായകൻ’ റിലീസ് വൈകും

വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമതർക്കത്തിൽ ദളപതി ആരാധകർക്ക് വീണ്ടും നിരാശ നൽകുന്ന വാർത്തയാണ് വരുന്നത്. മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രകാരം സിംഗ്ൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കി, വിഷയം വീണ്ടും വിശദമായ വാദത്തിനായി സിംഗ്ൾ ബെഞ്ചിന് തന്നെ കൈമാറിയിരിക്കുകയാണ്.

നേരത്തെ ഈ സിനിമക്ക് 'UA' സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട സിംഗ്ൾ ബെഞ്ച് നടപടിയിൽ സ്വാഭാവിക നീതി  പാലിക്കപ്പെട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ മതിയായ സമയം നൽകിയില്ല എന്ന സെൻസർ ബോർഡിന് വാദം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് വീണ്ടും പുതിയ വാദത്തിനായി മടക്കിയത്. ഇതോടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും സിനിമ റിലീസ് ചെയ്യുന്നതിനും ഇനിയും നിയമപരമായ കടമ്പകൾ ബാക്കിയുണ്ട്.

ജനുവരി 9ന് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം രാഷ്ട്രീയമായ കാരണങ്ങളാലും സെൻസർ ബോർഡുമായുള്ള തർക്കത്താലുമാണ് അനിശ്ചിതത്വത്തിലായത്. സിനിമയിലെ പല ഡയലോഗുകളും രംഗങ്ങളും വെട്ടിമാറ്റണമെന്ന ബോർഡിന്റെ ആവശ്യം നിർമാതാക്കൾ എതിർത്തതാണ് കേസിന് ആധാരം. പുതിയ വിധി വന്നതോടെ സിനിമയുടെ റിലീസ് തീയതി ഇനിയും നീളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാനത്തെ ചിത്രമാണ് ‘ജനനായകൻ’. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും വാദിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നൽകാതിരുന്നത്. 500 കോടിയോളം രൂപ ചിലവിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    
News Summary - Jananayakam release to be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.