'മമ്മൂട്ടി-മോഹൻലാൽ' ബോക്‌സ് ഓഫീസ് അങ്കം ഇനി തമിഴ്നാട്ടിൽ; ഒക്‌ടോബറിൽ 'ജയിലർ 2'വും 'ഓം'ഉം തിയറ്ററുകളിലേക്ക്

കേരളത്തിലെ ബോക്‌സ് ഓഫീസ് തരംഗങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിലും സമാനതകളില്ലാത്ത റിലീസ് പോരാട്ടത്തിനൊരുങ്ങി മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും. വരുന്ന ഒക്ടോബർ രണ്ടാം വാരത്തിലാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററുകളിലെത്തുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം മോഹൻലാൽ വീണ്ടുമെത്തുന്ന 'ജയിലർ 2', ധനുഷിനൊപ്പം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന 'ഓം: ചാപ്റ്റർ വൺ' എന്നിവ തൊട്ടടുത്ത ദിവസങ്ങളിലാണ് പ്രദർശനത്തിനെത്തുന്നത്.

2023-ൽ ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച 'ജയിലർ' എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒക്ടോബർ 15-ന് റിലീസ് ചെയ്യുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ആദ്യഭാഗത്തിൽ പ്രേക്ഷകശ്രദ്ധ നേടിയ മാത്യു എന്ന അതിഥി വേഷത്തിൽ തന്നെയാണ് മോഹൻലാൽ വീണ്ടുമെത്തുന്നത്.

സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ഈ ചിത്രത്തിൽ വൻ മലയാളി താരനിര തന്നെ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്നാ രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ, മിർണ തുടങ്ങിയവർക്കൊപ്പം ഷംനാ കാസിമും ചിത്രത്തിന്റെ ഭാഗമാകുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനരംഗത്തിലെ ഷംനയുടെ നൃത്തം വൻ ശ്രദ്ധ നേടിയിരുന്നു. വിനായകന്റെ സാന്നിധ്യവും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമൽ ചിത്രസംയോജനവും നിർവഹിക്കുന്നു.

തമിഴ് സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രാജ്‌കുമാർ പെരിയസാമി ചിത്രം 'ഓം: ചാപ്റ്റർ വൺ' ഒക്ടോബർ 16-നാണ് തിയേറ്ററുകളിലെത്തുക. 'ഉധിരം: ദ ബ്ലഡ് വുഡ്' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ മാസ്സ് ആക്ഷൻ ഡ്രാമയിൽ 'കാർത്തികേയൻ' എന്ന ശക്തമായ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി തമിഴിൽ ഒരു പ്രധാന വേഷത്തിൽ തിരിച്ചെത്തുന്നത്.

'അമരൻ' എന്ന വൻ ഹിറ്റിനു ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായെത്തുന്നത്. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 'മാരി 2'വിന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടുപ്പിച്ചുള്ള ദിവസങ്ങളിൽ ഈ രണ്ടു വമ്പൻ ചിത്രങ്ങൾ എത്തുന്നതോടെ തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ വീണ്ടുമൊരു മലയാള തിളക്കത്തിന് കളമൊരുങ്ങുകയാണ്.

Tags:    
News Summary - Mammootty and Mohanlal Set for Epic Tamil Box Office Clash with Jailer 2 and Om: Chapter One

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.