സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഹൻലാൽ ചിത്രമാണ് ഹൃദയപൂർവം. ആഗസ്റ്റ് 28ന് റിലീസായ ചിത്രം കഴിഞ്ഞ ദിവസം മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. തിയറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒ.ടി.ടിയിൽ എത്തിയതോടെ, ചിത്രത്തിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോംബോക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സമൂഹമാധ്യമത്തിൽ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചു രംഗത്തെത്തിയത്. 40 വയസ്സുള്ള ബാച്ചിലറായ സന്ദീപിന്റെ വേഷം മോഹൻലാൽ അനായാസമായി അവതരിപ്പിച്ചു എന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. സംഗീത് പ്രതാപുമൊത്തുള്ള മോഹൻലാലിന്‍റെ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഏറ്റവും മികച്ച ഭാഗങ്ങളാണെന്ന് പലരും ചൂണ്ടിക്കാട്ടി. നർമം അനായാസം കൈകാര്യം ചെയ്യാനുള്ള സംഗീതിന്‍റെ കഴിവിനെ പ്രേക്ഷകർ പ്രശംസിച്ചു.
ആദ്യ രണ്ടാഴ്ചകളിൽ ചിത്രം ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ആഴ്ചയിൽ ചിത്രം 20 കോടി രൂപ നേടി. രണ്ടാം ആഴ്ചയിൽ 13.4 കോടിയും മൂന്നാം ആഴ്ചയിൽ 4.52 കോടിയും നേടി. പുറത്തിറങ്ങിയ 23ാം ദിവസം, ചിത്രത്തിന്‍റെ ആഭ്യന്തര കലക്ഷൻ 24 ലക്ഷമായിരുന്നു. ഇതോടെ ഹൃദയപൂർവത്തിന്റെ മൊത്തം കലക്ഷൻ 38.16 കോടി രൂപയായി.
മാളവിക മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഗാനങ്ങൾ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യം ഡിസൈൻ-സമീര സനീഷ്. മുഖ്യ സംവിധാന സഹായി - അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി. സ്റ്റിൽസ് - അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ - മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ - എക്സിക്കുട്ടിവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.