ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി; ‘ഹോംബൗണ്ട്’ ഒ.ടി.ടിയിൽ എപ്പോൾ, എവിടെ കാണാം

2026ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി നീരജ് ഗായ്‍വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാൻസ് ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ച ചിത്രം പിന്നാലെ ടൊറന്‍റോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 26ന് ഹോംബൗണ്ട് തിയറ്ററുകളിൽ എത്തും.

തിയറ്റർ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ ഹോംബൗണ്ട് സ്ട്രീമിങ്ങിനായി ലഭ്യമാകുമെന്ന് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി, തി‍യറ്ററിൽ എത്തി ഏകദേശം എട്ട് ആഴ്ചകൾക്ക് ശേഷമാണ് സിനിമകൾ ഒ.ടി.ടിയിൽ എത്തുന്നത്. അതിനാൽ നവംബറിൽ ഹോംബൗണ്ട് ഓൺലൈനിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ഹോംബൗണ്ട് പറയുന്നത്. പൊലീസ് ഓഫിസർമാരാകുക എന്നതാണ് അവരുടെ സ്വപ്നം. ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ചിത്രത്തിലെ ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇഷാൻ ഖട്ടറും വിശാൽ ജേത്വയുമാണ്. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെയും കഥയാണ് ‘ഹോംബൗണ്ട്’.

98ാമത് അക്കാദമി അവാർഡുകൾക്കുള്ള ഇന്ത്യയുടെ എൻട്രിയായി ഹോംബൗണ്ട് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് വിശാൽ ജെത്വ പ്രതികരിച്ചിരുന്നു.'ഈ നിമിഷം തികച്ചും അവിശ്വസനീയമായി തോന്നുന്നു. ഏതൊരു നടനും ഒരു ദിവസം കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയാണിത്. ലോകത്തിലെ ഏറ്റവും വലിയ സിനിമാറ്റിക് വേദിയിൽ ഹോംബൗണ്ട് ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് അറിയുന്നത് ഞാൻ സിനിമയിൽ യാത്ര ആരംഭിച്ചപ്പോൾ സങ്കൽപ്പിച്ചതിലുമപ്പുറമാണ്' - എന്നാണ് അദ്ദേഹം പറഞ്ഞത്.

Tags:    
News Summary - homebound ott release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.