ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര വിടവാങ്ങിയതിന്‍റെ വിലാപ പ്രാർഥനയിൽ വിതുമ്പി ഭാര്യ ഹേമമാലിനി. ഡൽഹിയിൽ വെച്ചു നടത്തിയ പ്രാർഥനായോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ വിയോഗം വിശ്വസിക്കാനാവാത്ത ഞെട്ടലാണെന്ന് പറഞ്ഞ് നടി വിതുമ്പിയത്.
ജൻപത്തിലെ ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ വെച്ചു നടന്ന യോഗത്തിൽ സിനിമ മേഖലയിലും പുറത്തുമുള്ള പ്രശസ്തർ പങ്കെടുത്തു. ഹേമമാലിനിയോടൊപ്പം മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും വേദിയിൽ ഉണ്ടായിരുന്നു. 'ലോകം മുഴുവൻ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു. പക്ഷേ എനിക്ക് അത് ഇപ്പോഴും വിശ്വസിക്കനാവാത്ത ഞെട്ടലാണ്. കാലത്തിന്‍റെ പരീക്ഷണത്തിൽ ആ ബന്ധം തകർക്കപെട്ടു' -ഹേമ വേദിയിൽ കണ്ണീരണിഞ്ഞു.
ധർമേന്ദ്രയുടെ പൂർത്തീകരിക്കാൻ സാധിക്കാതെപോയ ഒരു പുസ്തകമെഴുതാനുള്ള സ്വപ്നത്തെക്കുറിച്ചും ഹേമ പറഞ്ഞു. കവിതകളോട് അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നു. അദ്ദേഹത്തിന്‍റെ കവികൾ എല്ലാംതന്നെ ഒരു പുസ്തകമാക്കിമാറ്റണമെന്നും അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
'കാലക്രമേണ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം പുറത്തുവന്നിരുന്നു... അദ്ദേഹം ഉറുദുവിൽ കവിതകളും വാചകങ്ങളും എഴുതുമായിരുന്നു. അതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഏത് സാഹചര്യത്തെക്കുറിച്ചും അദ്ദേഹത്തിന് എഴുതാൻ കഴിയുമെന്നതായിരുന്നു. ഒരു പുസ്തകം എഴുതണമെന്ന് ഞാൻ പലപ്പോഴും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകർക്ക് അത് ഇഷ്ടപ്പെടുമായിരുന്നു. അതിനാൽതന്നെ വളരെ ഗൗരവത്തിലാണ് അത് എടുത്തത്. എല്ലാം ആസൂത്രണം ചെയ്യുകയായിരുന്നു പക്ഷേ ഇപ്പോൾ അത് പൂർത്തിയാകാതെ കിടക്കുന്നു' -ഹേമ കൂട്ടിച്ചേർത്തു.
'ജീവിതത്തിന്‍റെ ഓരോ ചുവടുവെപ്പിലും എനിക്ക് പിന്തുണയേകി നിൽക്കുന്ന ആളായിരുന്നു അദ്ദേഹം' ധർമേന്ദ്രക്കൊപ്പമുള്ള ജീവിതത്തെകുറിച്ച് ഹേമ പറഞ്ഞു. ഡിസംബർ 11ന് ഡൽഹിയിൽവെച്ചു നടന്ന് പ്രാർഥനായോഗത്തിൽ അമിത് ഷാ, നിർമല സീതാരാമൻ, കിരൺ റിജിജു, കങ്കണ റണാവത്ത് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
90-ാം ജന്മദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് നവംബർ 24നാണ് ധർമേന്ദ്ര അന്തരിച്ചത്. ഡിസംബർ എട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനം. നവംബർ 25ന് മുംബൈയിൽവെച്ച് സംസ്കാര ചടങ്ങുകൾ നടന്നു. അഗസ്ത്യ നന്ദ അഭിനയിച്ച ഇക്കിസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.