കൊച്ചി: ‘ഹാൽ’ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഫിലിം സർട്ടിഫിക്കേഷൻ ബോർഡും (സെൻസർ ബോർഡ്) കാത്തലിക് കോൺഗ്രസും നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. അപ്പീൽ ഹരജിക്കാരുടെയും ഹരജിക്കാരായ സിനിമ പ്രവർത്തകരുടെയും വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാൻ മാറ്റിയത്.
ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഇതിവൃത്തം മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്. സിനിമ ലവ്ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നതും നിർബന്ധിത മതപരിവർത്തനം ന്യായീകരിക്കുന്നതുമാണെന്നായിരുന്നു കത്തോലിക്ക കോൺഗ്രസിന്റെ വാദം.
ചിത്രത്തിന്റെ അന്തിമസന്ദേശം അപ്പീൽ ഹരജിക്കാർ വാദിക്കുന്നതുപോലെ അല്ലല്ലോയെന്നും ചില കേസുകൾ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർ ബുധനാഴ്ച വൈകീട്ട് സിനിമ കണ്ടിരുന്നു.
ഡസനോളം കട്ട് വരുത്തിയാൽ ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാമെന്ന സെൻസർ ബോർഡ് നിർദേശം ചോദ്യംചെയ്ത് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. സെൻസർ ബോർഡ് നിർദേശിച്ച ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാൻ തയാറാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചതും കണക്കിലെടുത്തായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.