കൊച്ചി: താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്‍റെ പിന്തുണ. സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു. സിനിമയ്ക്ക് താരങ്ങൾ അവിഭാജ്യഘടകമല്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാത്തപക്ഷം സമരം തുടരുമെന്നും ഫിലിം ചേംബർ പറഞ്ഞു. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും കൂട്ടായ്മയാണ് ഫിലിം ചേംബർ.
ഒരു താരവും അവിഭാജ്യഘടകമല്ലെന്ന് ഫിലിം ചേംബർ പറഞ്ഞു. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ് ആയെന്ന് ഓർക്കണം. സിനിമ സമരത്തിന് അമ്മയുടെയോ ഫെഫ്‌കയുടെയോ പിന്തുണ വേണ്ട. താരങ്ങൾ കുത്തകയല്ല. ആറ് മാസം മുഖം കാണാതെയിരുന്നാൽ ജനം മറക്കുമെന്നും ഫിലിം ചേംബർ പറഞ്ഞു.
നിർമാതാക്കളായ സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള തർക്കത്തിൽ സുരേഷ്കുമാറിനെ ചേംബർ പിന്തുണച്ചു. ആന്റണി പെരുമ്പാവൂറിന്റെ ഫേസ്ബുക് പോസ്റ്റ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആന്‍റണി പെരുമ്പാവൂരിന്‍റെ എഫ്.ബി പോസ്റ്റ് വളരെ മോശമായിപ്പോയി. ഏഴ് ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കും. വിതരണക്കാരും തിയേറ്ററുകളും ഇല്ലാതെ എന്ത് സിനിമ? സൂചന പണി മുടക്ക് ഉടൻ ഉണ്ടാകുമെന്നും മലയാള സിനിമ സ്‌തംഭിക്കുമെന്നും ചേംബർ സെക്രട്ടറി സജി നന്ദ്യാട്ട് കൂട്ടിച്ചേർത്തു.
അതേസമയം, സിനിമാ സമരത്തിന് പിന്തുണയില്ലെന്ന് താരസംഘടനയായ 'അമ്മ' അറിയിച്ചു. സമരം ചിലരുടെ പിടിവാശി മൂലമാണെന്നും സമരം ബാധിക്കുന്നത് സാമ്പത്തിക രംഗത്തെ മാത്രമല്ല, സിനിമയിലെ മറ്റു തൊഴിലാളികളെയുമാണന്ന് അമ്മ പ്രതികരിച്ചു. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളിൽ അടുത്ത ജനറൽ ബോഡിക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും അമ്മ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.