മുംബൈയിലെ അതീവ സുരക്ഷാ മേഖലയായ ഫോർട്ട് പരിസരത്ത് അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിന് 'ധുരന്ധർ 2'ചിത്രത്തിന്റെ ലൊക്കേഷൻ മാനേജർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഫെബ്രുവരി 1ന് എം.ആർ.എ മാർഗ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ലൊക്കേഷൻ മാനേജർ റിങ്കു രാജ്പാൽ വാൽമീകിക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് ലംഘിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 223 പ്രകാരമാണ് കേസ്. സിനിമയുടെ ചിത്രീകരണത്തിനായി മുൻകൂർ അനുമതി വാങ്ങാതെ ആകാശ ദൃശ്യങ്ങൾ പകർത്താൻ ഡ്രോൺ ഉപയോഗിച്ചതാണ് കാരണം.
നടൻ സഞ്ജയ് ദത്ത് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ ചിത്രീകരണത്തിനായി എത്തിയ ഫെബ്രുവരി 1നാണ് ഡ്രോൺ പറത്തിയത്. ലൊക്കേഷനിലെ മൂന്നാം ദിനമായിരുന്നു ഇത്. സിനിമയുടെ ഭാഗമായി ജനുവരി 30 മുതൽ ഫോർട്ട് സമുച്ചയത്തിന്റെ ചില ഭാഗങ്ങൾ പാകിസ്താനിലെ ഒരു പഴയ തെരുവിന് സമാനമായ രീതിയിൽ സെറ്റ് ഇട്ട് മാറ്റിയിരുന്നു.
പ്രധാന സർക്കാർ സ്ഥാപനങ്ങളും ധനകാര്യ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയായതിനാൽ ഫോർട്ട് പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ലൊക്കേഷൻ മാനേജർക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ കൂടുതൽ അറസ്റ്റുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കേസിൽ അന്വേഷണം തുടരുകയാണ്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയിരിക്കുകയാണ് 'ധുരന്ധർ'. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദിയിൽ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും രാജ്യമൊട്ടാകെ വൻ തരംഗമാണ് സൃഷ്ടിച്ചത്. ചില ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാനിലും ധുരന്ധറിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം ഏകദേശം 100 കോടിയിലധികം രൂപയുടെ വരുമാന നഷ്ടം നിർമാതാക്കൾക്ക് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ നിരോധനം കൊണ്ടൊന്നും സിനിമ കാണുന്നതിൽ നിന്ന് പ്രേക്ഷകരെ തടയാനായില്ല. പാകിസ്താനിൽ ഏറ്റവും കൂടുതൽ പൈറസി ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി.
'ധുരന്ധർ 2' 2026 മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധുരന്ധർ 2025 ഡിസംബർ 5നാണ് തിയറ്ററുകളിൽ എത്തിയത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.