മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കല്ല്യാണമരം' പൂജയും സ്വച്ച് ഓണും എറണാകുളം മുളന്തുരുത്തി മറിയം ടവറില്‍ നടന്നു. തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമീഷണറും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയ ഗായകനുമായ ഷിജു.പി.എസ്. സ്വിച്ച് ഓണും ഫസ്റ്റ് ക്ലാപ്പ് ഗാനരചയിതാവ് സന്തോഷ് വർമയും നിർവഹിച്ചു.
കല്ല്യാണമരത്തിന്‍റെ തിരക്കഥ പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകന്‍ രാജേഷ് അമനകരക്ക് നല്‍കി പ്രകാശിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹ സന്ദേശം ചടങ്ങിൽ പഴുക്കാമറ്റം സെന്‍റ് മേരീസ് സിംഹാസന പള്ളി വികാരി ഫാ. തോമസ് മുരീക്കൻ വായിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ക്ക് കല്ല്യാണമരത്തിന്‍റെ ഓർമയുണര്‍ത്തുന്ന വൃക്ഷത്തൈകളും സമ്മാനിച്ചു.
കാല്‍നൂറ്റാണ്ടിലേറെയായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ കൂടെ തുടർച്ചയായി പ്രൊഡക്ഷന്‍ ചീഫായി ജോലി ചെയ്തുവരുന്ന കനകന്‍ ആലപ്പുഴയെ കല്ല്യാണമരത്തിന്‍റെ നിർമാതാവ് സജി കെ. ഏലിയാസ് ചടങ്ങില്‍ പൊന്നാടയും മൊമന്‍റോയും നല്‍കി ആദരിച്ചു. തുടര്‍ന്ന് നിർമാതാവ് സജി കെ ഏലിയാസ്, സംവിധായകന്‍ രാജേഷ് അമനകര, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, നിർമാതാവ് ശശി അയ്യഞ്ചിറ, സംഗീത സംവിധായകന്‍ അജയ് ജോസഫ്, അഭിനേതാക്കളായ ദേവനന്ദ, ആതിര പട്ടേല്‍, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ബെന്നി, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ചലച്ചിത്ര-രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വർണാഭമായ ചടങ്ങുകളോടെയായിരുന്നു ചിത്രത്തിന്‍റെ പൂജയും അനുബന്ധ പരിപാടികളും. ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു, നോബി, മഞ്ജു വിജീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മുളന്തുരുത്തി, പാലാ തുടങ്ങിയ പ്രദേശങ്ങളിലായി സിനിമയുടെ ചിത്രീകരണം നവംബര്‍ 7 ന് ആരംഭിക്കും. നിർമാണം - സജി കെ ഏലിയാസ്. ക്യാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സാബുറാം, എഡിറ്റിങ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വർമ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, സ്റ്റില്‍സ് - ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.