തിയറ്ററുകളിൽ രണ്ടാം വാരാന്ത്യത്തിലേക്ക് കടക്കുമ്പോൾ ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ധുരന്ധർ കലക്ഷനിൽ കുതിച്ചുയരുകയാണ്. ചിത്രം ആഭ്യന്തരമായി 239 കോടി രൂപ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രൺവീർ സിങ്ങും അക്ഷയ് ഖന്നയും അഭിനയിച്ച ചിത്രം വെള്ളിയാഴ്ച മാത്രം ഏകദേശം 32.5 കോടി രൂപ നേടി. ആദ്യ ദിവസത്തെ കലക്ഷൻ 28 കോടിയായിരുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ കണക്കാക്കുന്നത്. കലക്ഷനിലെ കുതിപ്പ് ചിത്രത്തെ ഈ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ബോളിവുഡ് റിലീസുകളുടെ പട്ടികയിൽ എത്തിച്ചു.
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന്റെ ആകെ ദൈർഘ്യം 214 മിനിറ്റാണ്. അതായത് മൂന്ന് മണിക്കൂർ 34 മിനിറ്റ്. ധുരന്ധറിലെ ചില രംഗങ്ങളും പേരുകളും മാറ്റാനും ചില മുന്നറിയിപ്പുകൾ ചേർക്കാനും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. അക്രമം നിറഞ്ഞ രംഗങ്ങൾ കാരണം സിനിമയുടെ തുടക്കത്തിലെ ചില ദൃശ്യങ്ങൾ നീക്കം ചെയ്യുകയും പകരം കൂടുതൽ അനുയോജ്യമായ ഷോട്ടുകൾ ഉൾപ്പെടുത്തുകയും ചെയ്തു. സമാനമായ കാരണങ്ങളാൽ രണ്ടാം പകുതിയിലെ ചില ഷോട്ടുകളും നീക്കം ചെയ്തു. കൂടാതെ ഒരു മന്ത്രി കഥാപാത്രത്തിന്റെ പേര് മാറ്റി. അസഭ്യവാക്ക് മ്യൂട്ട് ചെയ്യുകയും, ലഹരിവസ്തുക്കളുടെ ഉപയോഗം കാണിക്കുന്ന രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
40കാരനായ രൺവീർ സിങ്ങും നായികയായ സാറ അർജുനും തമ്മിലുള്ള പ്രായവ്യത്യാസവും നേരത്തെ ചർച്ചയായിരുന്നു. 20 വയസ്സ് വ്യത്യാസമാണ് അവർക്കിടയിലുള്ളത്. അതിനെ ഒരുകൂട്ടം ആളുകൾ ചോദ്യം ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ 'ധുരന്ധറി'ന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. മേജർ മോഹിത് ശർമയുടെ മാതാപിതാക്കൾ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. കശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച തങ്ങളുടെ മകന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥയെന്ന് അവർ വാദിച്ചു. എന്നാൽ, ചിത്രം മേജർ മോഹിത് ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതല്ലെന്ന് സംവിധായകൻ ആദിത്യ ധർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.