ചലച്ചിത്ര അവാർഡ് നിർണയം റദ്ദാക്കണമെന്നയാവശ്യം; അപ്പീലും തള്ളി

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജി തള്ളിയ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകൾ അന്വേഷിക്കാൻ സർക്കാറിനും ഡി.ജി.പിക്കും നിർദേശം നൽകണമെന്നുമാവശ്യപ്പെട്ട് ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ അപ്പീൽ ഹരജിയാണ് ചീഫ് ജസ്റ്റിസ് ആശിഷ്. ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.

ഈ സിനിമയും സംവിധായകൻ വിനയന്‍റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രവും സമർപ്പിച്ചിരുന്നെങ്കിലും അവാർഡിൽനിന്ന് തഴയപ്പെട്ടതായി ഹരജിയിൽ പറഞ്ഞിരുന്നു. ജൂറി തീരുമാനങ്ങളിൽ രഞ്ജിത് ഇടപെട്ടെന്ന് കാട്ടി വിനയൻ സർക്കാറിന് തെളിവുകൾ സഹിതം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങളെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്. പരാതി ഉന്നയിച്ചുവെന്ന് പറയുന്നവർ കോടതിയെ സമീപിച്ചിട്ടില്ല.

അവാർഡിന് എൻട്രി സമർപ്പിച്ച നിർമാതാവ് പരാതി ഉന്നയിച്ചിട്ടില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിയായ വിലയിരുത്തലാണെന്ന് അഭിപ്രായപ്പെട്ട് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.

Tags:    
News Summary - Demand for annulment of film awards; The appeal was dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.