കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തെലുങ്ക് നടൻ ചിരഞ്ജീവി നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 'സിനിമാമേഖലയിൽ കാസ്റ്റിംഗ് കൗച്ച് എന്നൊന്നില്ല, ആർക്കെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വന്തം തീരുമാനങ്ങളും സാഹചര്യങ്ങളും മൂലമാകാം, സ്ത്രീകൾ സ്ട്രിക്റ്റ് ആയി നിന്നാൽ ആരും മോശമായി പ്രവർത്തിക്കില്ലെന്നുമാണ്' ചിരഞ്ജീവി പറഞ്ഞത്. തന്റെ പുതിയ ചിത്രമായ 'മന ശങ്കരവരപ്രസാദ ഗാരു'വിന്റെ സക്സസ് മീറ്റിനിടെയായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം.
നടന്‍റെ ഈ പ്രസ്താവനയിൽ ശക്തമായ വിയോജിപ്പ് അറിയിച്ചിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. കമ്മിറ്റ്മെന്‍റ് എന്നതിന് പൂർണ്ണ പ്രതിബദ്ധത എന്നല്ല സിനിമ മേഖലയിൽ അർത്ഥമെന്നും, ജോലിക്ക് പകരമായി സ്ത്രീകളിൽ നിന്നും ലൈംഗിക ആനുകൂല്യങ്ങൾ ലഭിക്കണമെന്നു വിശ്വസിക്കുന്ന പുരുഷന്മാർ ഈ മേഖലയിലുണ്ടെന്നും ചിന്മയി പറഞ്ഞു. കൂടാതെ ഗാന രചയിതാവ് വൈരമുത്തുവിൽനിന്നും തനിക്ക് നേരിട്ട ലൈഗിക അതിക്രമം താൻ ആഗ്രഹിച്ചതുകൊണ്ടുണ്ടായതല്ലെന്നും അവർ തുറന്നടിച്ചു.
കാസ്റ്റിംഗ് കൗച്ച് സിനിമാ മേഖലയിൽ വളരെ സാധാരണമാണെന്ന് ചിന്മയി അഭിപ്രായപ്പെട്ടു. 'സ്ത്രീകൾ പൂർണ്ണ പ്രതിബദ്ധത നൽകുന്നില്ലെങ്കിൽ അവർക്ക് ജോലി നിഷേധിക്കപ്പെടുന്നു. സിനിമ ഇന്‍റസ്ട്രിയിൽ പ്രതിബദ്ധത എന്നത് ലൈംഗിക ആനുകൂല്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കായി മാറി. സ്ത്രീകളിൽ നിന്നും ശാരീരിക അടുപ്പം ആവശ്യപ്പെടാൻ കഴിയുന്ന സ്ഥാനങ്ങളിലാണ് തങ്ങൾ ഉള്ളതെന്ന് പല പുരുഷന്മാരും വിശ്വസിക്കുന്നു'വെന്ന് ചിന്മയി എക്സിൽ കുറിച്ചു.
'ഒരു സ്റ്റുഡിയോയിൽ സംഗീതജ്ഞയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഒരാളെ എനിക്കറിയാം. മറ്റൊരാൾവന്ന് രക്ഷിക്കുന്നതുവരെ അവൾ സൗണ്ട് ബൂത്തിൽ കയറി അടച്ചിരുന്നു. ഈ വ്യക്തിയെപോലുള്ള കുറ്റവാളികൾ നമുക്കുചുറ്റുമുണ്ട്'. അവരെ യാതൊരു മാറ്റി നിർത്തലുകളുമില്ലാതെ ജനങ്ങൾ ഇപ്പോഴും ആരാധിക്കുന്നുണ്ടെന്നും ചിന്മയി പറയുന്നു.
'പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും ഒരു വ്യാപകമായ പ്രശ്നമാണ്. ചിരഞ്ജീവി ഗാരു എന്ന താരം അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയിരുന്ന ഒരു ചുറ്റുപാടിൽ നിന്നാവാം വരുന്നത്. ഈ തലമുറയിലെ ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒന്നായിരുന്നു മീ ടൂ ക്യാമ്പയ്നുകൾ.
വൈരമുത്തുവിൽ നിന്നും ഞാൻ നേരിട്ട ലൈംഗികാതിക്രമം എന്‍റെ ആഗ്രഹ പ്രകാരം ഉണ്ടായതല്ല. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. മികച്ച ഒരു ഉപദേഷ്ഠാവായാണ് ഞാൻ അയാളെ കണക്കാക്കിയത്. എന്നാൽ അയാൾ അത്തരക്കാരനാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ അമ്മ അവിടെ ഉണ്ടായിരുന്നിട്ടു പോലും അയാൾ എന്നോട് മോശമായി പെരുമാറി. രക്ഷിതാവുണ്ടെന്നതൊന്നും ഇത്തരക്കാർക്ക് പ്രശ്നമല്ല. ജോലിക്ക് പകരമായി ശാരീരിക അടുപ്പം ഒരു അവകാശമായി കണക്കാക്കുന്ന ഇത്തരം പുരുഷന്മാരാണ് യഥാർത്ഥ പ്രശ്നം. ചിന്മയി തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.