സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലർ 2ന്റെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. 'അല ബോലേലോ' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ട്രാക്ക് പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഗാനത്തിലെ മലയാളം വരികളുടെ തെറ്റായ ഉച്ചാരണവും അർത്ഥശൂന്യമായ പ്രയോഗങ്ങളുമാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത് വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരുടെ എണ്ണത്തിൽ മുന്നിലെത്തിയെങ്കിലും യൂട്യൂബിലെ കമന്റ് ബോക്സ് കടുത്ത വിമർശനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
ഒക്ടോബർ 15-ന് തിയറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രൊമോ റിലീസ് ചെയ്ത ദിവസം മുതൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ചെറിയ രീതിയിൽ നിരാശകൾ തുടങ്ങിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ഗാനത്തിന്റെ മുഴുവൻ ലിറിക്കൽ വിഡിയോ പുറത്തുവന്നതോടെ ആ വിമർശനങ്ങൾ കൂടുതൽ ശക്തമാവുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയെങ്കിലും ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന മലയാളം വരികൾ മലയാളികളായ പ്രേക്ഷകരെയും മറ്റ് സിനിമാസ്വാദകരെയും ഒരുപോലെ നിരാശപ്പെടുത്തി. ഗാനത്തിൽ നടി ശംന കാസിമിന്റെ മികച്ച പ്രകടനത്തെ ചിലർ പ്രശംശിക്കുന്നുണ്ടെങ്കിലും മലയാള ഭാഷയെ കൈകാര്യം ചെയ്ത രീതിക്കെതിരെയാണ് വലിയ തോതിലുള്ള എതിർപ്പുകൾ ഉയരുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച് റെഡ്ഡിറ്റിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഈ ഗാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. 'മലയാളം പ്രേക്ഷകരെ ആകർഷിക്കാൻ നടത്തുന്ന ഇത്തരം ദയനീയമായ ശ്രമങ്ങൾ വളരെ സങ്കടകരമാണ്' എന്നും ഗാനം വളരെ ബോറാണെന്നും കേട്ടിരിക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഈ പാട്ടിൽ ഏത് ഭാഗമാണ് മലയാളം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മുമ്പ് മനസ്സിലായോ എന്ന പാട്ടിലും മോശമായ വരികളും വ്യാകരണവും ഉണ്ടായിരുന്നുവെങ്കിലും അതൊരു മലയാളം ഗാനമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇവിടെ എടാ മോനേ, പൊളിച്ചു എന്നീ യാതൊരു സന്ദർഭവുമില്ലാത്ത ചില വാചകങ്ങൾ മാത്രമാണ് ഉള്ളത് എന്നും മറ്റൊരു ആരാധിക കടുത്ത ഭാഷയിൽ വിമർശിച്ചു.
ചിത്രത്തിന്റെ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനുരാജ കാമരാജാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, രമ്യ കൃഷ്ണൻ തുടങ്ങിയ വൻതാരനിരയാണ് അണിനിരക്കുന്നത്. 2023-ൽ പുറത്തിറങ്ങി 200 കോടി രൂപ ബജറ്റിൽ നിർമിച്ച് ലോകമെമ്പാടുമായി 604 കോടി രൂപ കലക്ഷൻ നേടിയ റെക്കോർഡ് വിജയ ചിത്രമായ 'ജയിലർ' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. വൻ പ്രതീക്ഷകളോടെ എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഗാനത്തിന് ഏൽക്കേണ്ടിവന്ന തിരിച്ചടി അണിയറപ്രവർത്തകർക്ക് വലിയ വീഴ്ചയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.