ഖലീഫ, ബെത്‍ലഹേം കുടുംബ യൂണിറ്റ്
ഓണം തൂക്കാൻ രണ്ട് സിനിമകൾ. പൃഥ്വിരാജിന്‍റെ ഖലീഫയും നിവിൻ പോളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റും. ഒന്ന് ആക്ഷനും മറ്റൊന്ന് കോമഡിയും. ഇത്തവണത്തെ ആര് ഓണം ആര് കൊണ്ടുപോകും എന്നതിൽ ആരാധകരും ആവേശത്തിലാണ്.
വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഖലീഫ' ഇന്ന് തിയറ്ററിൽ എത്തിയിരിക്കുന്നു. ബുക്ക് മൈ ഷോയുടെ കണക്ക് പ്രകാരം ആദ്യ ഷോക്ക് എല്ലാ തിയറ്ററുകളിലും ഇതിനകം തന്നെ ഹൗസ്ഫുൾ ആയിക്കഴിഞ്ഞു. ചില തിയറ്ററുകളിൽ ഏതാനും സ്ക്രീനുകൾ കൂടി കൂട്ടിയിട്ടുമുണ്ട്. U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ഖലീഫക്ക് നൽകിയിരിക്കുന്നത്.
‘L2: എമ്പുരാൻ' എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഖലീഫ ഒരു മുഴുനീള ആക്ഷൻ പടമല്ല എന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. തിയറ്ററുകളിലേക്ക് പോകുമ്പോൾ വെറും സ്റ്റണ്ട് രംഗങ്ങൾ മാത്രം പ്രതീക്ഷിച്ചു പോകരുതെന്നും, മറിച്ച് കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ആഴത്തിലുള്ള പ്രാധാന്യം നൽകുന്ന ഒരു കുടുംബചിത്രമാണിത് എന്നും താരം പറഞ്ഞിരുന്നു.
നിവിൻ പോളി - മമിത ബൈജു - ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്‍ലഹേം കുടുംബ യൂണിറ്റിന്' ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 21നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
നമ്മുടെയൊക്കെ അയൽപക്കങ്ങളിൽ കാണാവുന്ന കഥാപാത്രങ്ങളുമായി ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ.ഡി ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഈ ഓണത്തിന് കുടുംബങ്ങൾ ഒന്നായി ബത്‌ലഹേമിലേക്ക് ടിക്കറ്റെടുക്കുമെന്ന് തന്നെ ഉറപ്പിക്കാം. ചിത്രം ഒരു കംപ്ലീറ്റ് ഓണം പാക്കേജ് തന്നെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.
ഇത് ആദ്യമായല്ല ഓണത്തിന് പൃഥ്വിയും നിവിനും നേർക്കുനേർ വരുന്നത്. 2017ൽ പൃഥ്വിരാജിന്‍റെ ആദം ജോണും നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിലെ ഒരിടവേളയും ഒരുമിച്ചെത്തിയിരുന്നു. 2019ൽ പൃഥ്വിയുടെ ബ്രദേഴ്സ് ഡേക്കൊപ്പം വന്നത് നിവിന്‍റെ ലൗ ആക്ഷൻ ഡ്രാമയായിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്.
ഈ ഓണത്തിന് തിയറ്ററുകളിൽ തീ പടർത്താൻ പൃഥ്വിരാജിന്റെ 'ഖലീഫയും' ചിരിയുടെ പൂക്കാലം തീർക്കാൻ നിവിൻ പോളിയുടെ 'ബെത്ലഹേം കുടുംബ യൂണിറ്റും' എത്തുമ്പോൾ, മലയാള സിനിമാപ്രേമികൾക്ക് മുന്നിൽ ഇത്തവണ മികച്ചൊരു വിരുന്നാണ് ഒരുങ്ങിയിരിക്കുന്നത്. മാസ് ആക്ഷനും കുടുംബകഥകളും ഒരുപോലെ ആസ്വദിക്കാൻ എത്തുന്ന ആരാധകരുടെ മനംകവരാൻ ഈ രണ്ട് ചിത്രങ്ങൾക്കും കഴിയുമെന്നതിൽ സംശയമില്ല. ബോക്സ് ഓഫീസിൽ ആരാകും വിജയം വരിക്കുക എന്നത് കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.