ചെളിയോ മേക്കപ്പോ അല്ല ; ശ്രീനാഥ് ഭാസിക്ക് കുറെ ഉറുമ്പ് കടി കിട്ടി, രഹസ്യം പങ്കുവെച്ച് സംവിധായകൻ ചിദംബരം

 സൂപ്പർ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാക്സിലെ രഹസ്യം പങ്കുവെച്ച് സംവിധായകൻ ചിദംബരം. ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം ചെളിയിൽ പൊതിഞ്ഞ് മുറിവുകളുമായി കിടക്കുന്ന രംഗത്തിലെ രഹസ്യമാണ് സംവിധായകൻ പുറത്തുവിട്ടത്. നടന്റെ രൂപമാറ്റം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. എന്നാൽ ഭാസിയുടെ ദേഹത്തുണ്ടായിരുന്നത് ചെളിയോ പ്രോസ്തെറ്റിക് മേക്കപ്പോ ആയിരുന്നില്ല.  കുറെ ഉറുമ്പു കടിയൊക്കെ കൊണ്ടാണ് ആ രംഗം  ഭാസി അഭിനയിച്ച് പൂർത്തിയാക്കിയതെന്നാണ്  സംവിധായകൻ പറയുന്നത്.

'മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്സിൽ ഭാസിക്കു ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നന്ദി പറയേണ്ടത് റോണക്സിനോടാണ്. റോണക്സ് വളരെ സീനിയർ ആയ മേക്കപ്പ്മാൻ ആണ്. ബിസ്ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഇടക്ക് ഉറുമ്പ് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർഥത്തിൽ ഞെട്ടിപോയി'–സംവിധായകൻ ചിദംബരം പറഞ്ഞു.

ജാൻ-എ- മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.2006ൽ കൊച്ചിയിൽ നിന്ന് ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിൽ വിനോദയാത്ര പോകുന്നതും, അവിടെവെച്ച് അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Tags:    
News Summary - Chidambaram Reveals climax secret Of manjummel boys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.