ഒ.ടി.ടിയിൽ റിലീസായ ചുരുളി സെൻസർ പതിപ്പല്ലെന്ന്​ സെൻട്രൽ ബോർഡ്​ ഓഫ്​ ഫിലിം സർട്ടിഫിക്കേഷൻ

തിരുവനന്തപുരം: സോണി ലൈവ്​ ഒ.ടി.ടി പ്ലാറ്റ്​ഫോം വഴി പ്രദർശിപ്പിക്കുന്ന ചുരുളി സിനിമ സെൻസർ ചെയ്​ത​ പതിപ്പല്ലെന്ന്​ സെൻട്രൽ ബോർഡ്​ ഓഫ്​ ഫിലിം സർട്ടിഫിക്കേഷൻ അറിയിച്ചു. ലിജോ ജോസ്​ ​പെല്ലിശ്ശേരി സംവിധാനം ചെയ്​ത സിനിമയിലെ തെറിപ്രയോഗങ്ങൾ സംബന്ധിച്ച്​ വ്യാപക ആക്ഷേപങ്ങൾ ഉയർന്നതിന്‍റെ അടിസ്​ഥാനത്തിലാണ്​ അധികൃതർ വിശദീകരണവുമായി രംഗത്തുവന്നത്​.

പ്രസ്​താവനയിൽനിന്ന്​:

'ചുരുളി എന്ന മലയാളം ഫീച്ചർ ഫിലിമുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങളിൽ, പ്രത്യേകിച്ച്​ സോഷ്യൽ മീഡിയയിൽ പ്രസ്​തുത സിനിമയുടെ സർട്ടിഫിക്കേഷനെ സംബന്ധിച്ച ഊഹാപോഹങ്ങളും വസ്​തുതാപരമായി തെറ്റായ റിപ്പോർട്ടുകളും വ്യാപകമാകുന്നതായി പൊതുജനങ്ങളിൽനിന്ന്​ ലഭിച്ച പരാതികളിലൂടെ സെൻട്രൽ ബോർഡ്​ ഓഫ്​ ഫിലിം സർട്ടിഫിക്കേഷന്​ ബോധ്യപ്പെട്ടിട്ടുണ്ട്​. അതിനാൽ സി.ബി.എഫ്​.സിയുടെ വസ്​തുതാപരമായ നിലപാട്​ വ്യക്​തമാക്കാനാണ്​ ഈ ഔദ്യോഗിക പ്രസ്​താവന പുറത്തിറക്കുന്നത്​.

സിനിമാ​ട്ടോഗ്രാഫ്​ ആക്​റ്റ്​ 1952, സിനിമാ​ട്ടോഗ്രാഫ്​ സർട്ടിഫിക്കേഷൻ റൂൾസ്​ 1983, ഇന്ത്യാ ഗവൺമെന്‍റ്​ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ എന്നിവക്ക്​ അനുസൃതമായി ചുരുളി എന്ന​ മലയാളം ഫീച്ചർ ഫിലിമിന്​ സി.ബി.എസ്​.സി സർട്ടിഫിക്കറ്റ്​ നമ്പർ DtLt3t6tZ021-THt dated 18.11.2021 മുഖേന അനുയോജ്യമായ മാറ്റങ്ങളോടെ 'എ' (Adult - മുതിർന്നവർക്കുള്ള ) സർട്ടിഫിക്കറ്റ്​ ലഭ്യമാക്കിയിട്ടുണ്ട്​. സോണി ലൈവ്​ എന്ന ഒ.ടി.ടി പ്ലാറ്റ്​ഫോം വഴി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ചുരുളി പ്രസ്​തുത സിനിമയുടെ സർട്ടിഫൈഡ്​ പതിപ്പല്ലെന്ന്​ അറിയിക്കുന്നു'.

ചുരുളിയിലെ അശ്ലീല പ്രയോഗങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും സിനിമ ഒ.ടി.ടി പ്ലാറ്റഫോമിൽനിന്നും അടിയന്തിരമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ്. നുസൂർ ആവശ്യപ്പെട്ടിരുന്നു. സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു. 

നേരത്തെ ചലച്ചിത്രോത്സവങ്ങളില്‍ അടക്കം വലിയ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ റീ ഷൂട്ട് ചെയ്ത പതിപ്പാണ്​ ഒ.ടി.ടിയിൽ എത്തിച്ചിട്ടുള്ളത്​. കഥാകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷാണ് ചിത്രത്തിന്‍റെ തിരക്കഥ. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Tags:    
News Summary - Central Board of Film Certification says churuli released in OTT is not censored version

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.