ഹാൽ സിനിമ പോസ്റ്റർ, ബീഫ് ബിരിയാണി
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിൻ നിഗം നായകനാകുന്ന സിനിമയാണ് ഹാൽ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ്. മലയാള സിനിമയില്‍ 'ബീഫ് നിരോധന'വുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയത് വലിയ വിവാദമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതിന് വിചിത്രമായ കാരണങ്ങളാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
പത്തിലേറെ മാറ്റങ്ങൾ ആണ് ഹാൽ സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സ്വാഭാവിക വിഷയങ്ങൾ ഉള്ളതിനാൽ 'എ' സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സെൻസർ ബോർഡിന്‍റെ വാദമെന്നാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ നിഷാദ് കോയ പറയുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ചിത്രത്തിലെ ചില സംഭാഷണങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങളും നീക്കം ചെയ്യണം. എന്നാൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്യാന്‍ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയിൽ നായിക ഒരു റാപ്പ് സോങ്ങിന്റെ ഭാഗമായിട്ട് പർദ്ദയിട്ട് ഡാൻസ് കളിക്കുന്നുണ്ട്. ആ പർദ്ദ ഉള്ള സീൻ കട്ട് ചെയ്യണം എന്നും നിർദേശമുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാൽ' സിനിമയിൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.