നല്ല കഥകൾ കടന്നു ചെന്നാൽ പഴയ മോഹൻ ലാലിനെ തിരിച്ചു കിട്ടുമെന്ന് സംവിധായകൻ ഭഭ്രൻ. നല്ല കണ്ടന്റുള്ള ചിത്രങ്ങൾ ലഭിക്കാത്തതാണ് മോഹൻലാൽ സിനിമയുടെ പ്രശ്നം. അദ്ദേഹത്തിലേക്ക് നല്ല ഉള്ളടക്കമുള്ള കഥകൾ എത്തുന്നില്ലെന്നും ഭഭ്രൻ പറഞ്ഞു. സ്ഫടികം 4 കെയുടെ റി-റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'നല്ല ചിത്രങ്ങൾ ഉണ്ടാകാത്തത് മോഹൻലാലിന്റെ കുഴപ്പമല്ല. കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണ്. ഇന്നും അദ്ദേഹം മോഹൻലാൽ തന്നെയല്ലേ. മോഹൻലാലിന് ആ പ്രതിഭ ജനിച്ചപ്പോൾ തന്നെ നൈസർഗികമായി ലഭിച്ചത്. അത് പുള്ളി ട്യൂൺ ചെയ്തെടുത്തതല്ല. എന്ത് കഥാപാത്രം പറഞ്ഞാലും ഉള്ളിൽ തന്നെ കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകാറുണ്ട്. ആ കെമിസ്ട്രി എന്താണെന്ന് അദ്ദേഹത്തിന് പോലും ഡിഫൈൻ ചെയ്യാൻ കഴിയുന്നില്ല. ആ കെമിസ്ട്രിക്ക് അനുസരിച്ച് മോഹൻലാൽ പെരുമാറുകയാണ്.
നല്ല കഥകൾ മോഹൻലാലിനെ തേടി കടന്നു ചെല്ലുന്നില്ല. നല്ല കണ്ടന്റുളള കഥകൾ കടന്നു ചെന്നാൽ അദ്ദേഹം പഴയ മോഹൻലാൽ ആകും. കുറെ ശബ്‍ദങ്ങളും ബഹളവും സ്റ്റണ്ടും ഒന്നും കാണിക്കുന്നതല്ല സിനിമ. അത് തിരിച്ചറിയണം. കഥയുമായി ചെല്ലുന്നവര്‍ മനസിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങള്‍ നമുക്ക് അസോസിയേറ്റ് ചെയ്യാൻ കഴിഞ്ഞാല്‍ അത് കണ്ടന്റ് ഓറിയന്റഡായ സിനിമയായി മാറും. അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അദ്ദേഹം വരും, തീര്‍ച്ചയായിട്ടും എല്ലാത്തിനും ഒരു സമയമുണ്ടല്ലോ'- ഭദ്രൻ പറഞ്ഞു.
ഫെബ്രുവരി ഒമ്പതിനാണ് 'സ്‍ഫടികം' റീ റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സാങ്കേതിക മികവിൽ സ്ഫടികം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.