അവഞ്ചേഴ്‌സ്: എൻഡ്ഗെയിം
മാർവൽ സ്റ്റുഡിയോസിന്‍റെ ഏറ്റവും വലിയ വിജയ ചിത്രമാണ് അവഞ്ചേഴ്‌സ്: എൻഡ്ഗെയിം. ലോകമെമ്പാടും ആരാധകരുള്ള അവഞ്ചേഴ്സ് സൂപ്പർ ഹീറോ സീരീസിന്‍റെ അവസാന ഭാഗമാണ് എൻഡ്ഗെയിം. അവഞ്ചേഴ്സ്, അവഞ്ചേഴ്സ് ഏജ് ഓഫ് അൾട്രോൺ, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്‌സ്: എൻഡ്ഗെയിം എന്നിങ്ങനെ അവഞ്ചേഴ്സ് സീരീസിൽ പ്രധാനമായും നാലു സീരീസുകളാണ് ഉള്ളത്. എല്ലാ അവഞ്ചേഴ്സും ഒറ്റ സ്ക്രീനിൽ നിറഞ്ഞുനിന്ന ദി എൻഡ്ഗെയിം ഇന്നും ആരാധകരിൽ രോമാഞ്ചം സൃഷ്ടിക്കുന്നതാണ്. ഒരിക്കൽ കൂടി ആ ദൃശ്യ വിസ്മയം സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് സിനിമ 2026ൽ റീ-റിലീസ് ചെയ്യും എന്ന സന്തോഷവാർത്തയുമായി എത്തിയിരിക്കുയയാണ് മാർവൽ സ്റ്റുഡിയോസ്.
ലോകമെമ്പാടും ഏറെ ആഘോഷിക്കപെട്ട സീരീസ് എന്നതിലുപരി ലോകത്ത് ഏറ്റവുമധികം ആരാധകരെ സൃഷ്ടിക്കാൻ സാധിച്ച മാർവൽ സീരീസ് കൂടെയാണ് അവഞ്ചേഴ്സ്. അവഞ്ചേഴ്‌സ്: എൻഡ്ഗെയിം തിയറ്ററിൽ സൃഷ്ടിച്ച രോമാഞ്ചം ചെറുതൊന്നുമല്ല. പ്രേക്ഷകരുടെ പ്രിയ അയൺ മാനെ വീണ്ടും അതേ സ്യൂട്ട് അപ്പിൽ കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് സന്തോഷവാർത്തയുമായാണ് മാർവൽ എത്തിയിരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിയ നിമിഷത്തിലും തന്‍റെ പൊട്ടിയ ഷീൽഡുമായി താനോസിനെ ഒറ്റക്ക് നേരിടാൻ ചങ്കും വിരിച്ച് പോയ ക്യാപ്റ്റൻ ഒരു തലമുറയുടെ തന്നെ വികാരമായിരുന്നു. ചിത്രം വീണ്ടും തിയറ്ററിൽ എത്തുന്നു എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.
ആദ്യ റിലീസ് കഴിഞ്ഞ് ഏഴ് വർഷങ്ങൾക്ക് ശേഷം 2026 സെപ്റ്റംബറിലാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുക. 2019 ഏപ്രിൽ 26ന് പുറത്തിറങ്ങിയ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018) എന്ന ചിത്രത്തിന്‍റെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂനിവേഴ്‌സിലെ (എം.സി.യു) 22-ാമത്തെ ചിത്രവുമാണ് അവഞ്ചേഴ്‌സ്: എൻഡ്ഗെയിം. ഏകദേശം 2.8 ബില്യൺ ഡോളർ കലക്ഷൻ നേടിയ ചിത്രമാണ് എൻഡ്ഗെയിം.
ആന്‍റണിയും ജോ റൂസോയും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ, ക്രിസ് ഹെംസ് വർത്ത്, സ്കാർലറ്റ് ജോഹാൻസൺ, ജെറമി റെന്നർ, ഡോൺ ചീഡൽ, പോൾ റൂഡ്, ബ്രീ ലാർസൺ, കാരെൻ ഗില്ലൻ, ദനായ് ഗുരിര, ബെനഡിക്റ്റ് വോങ്, ജോൺ ഫാവ്രിയോ, ബ്രാഡ്‌ലി കൂപ്പർ, ഗ്വിനെത്ത് പാൽട്രോ, ജോഷ് ബ്രോലിൻ എന്നിവരടങ്ങുന്ന അനേകം അഭിനേതാക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.