തിരക്കഥാകൃത്തി​െൻറ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നത്​: ആര്യാടൻ ഷൗക്കത്ത്​

പാര്‍വതി തിരുവോത്ത്​ നായികയായ 'വര്‍ത്തമാനം' എന്ന സിനിമക്ക്​ അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് എഴുതിയ ട്വീറ്റിനെതിരെ നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്. ഡൽഹി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശ വിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തി​െൻറ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡ് അംഗം വി സന്ദീപ് കുമാറിൻ്റെ പോസ്റ്റിനെതിരെയാണ് തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്.

ചിത്രത്തിന്‍റെ ചില രംഗങ്ങള്‍ ദേശവിരുദ്ധമാണെന്നും മതസൗഹാർദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്​. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും 'വര്‍ത്തമാന'ത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്​.

ആര്യാടൻ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റി​െൻറ പൂർണ്ണരുപം

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്‍റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്‍ലിം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.

ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ? സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍...

Posted by Aryadan Shoukath on Sunday, 27 December 2020

Tags:    
News Summary - Aryadan Shoukath against censor board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.