സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളിക്ക് പ്രിയങ്കരിയാണ് ആര്യ. നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ‘90 മിനുട്സ്’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. ചെറുപ്പംമുതൽ സിനിമ സ്വപ്നമായിരുന്നെന്നും 90 മിനുട്സിൽ പ്രധാന കഥാപാത്രമായി എത്തുമ്പോൾ സന്തോഷമുണ്ടെന്നും ആര്യ പറയുന്നു. പുതിയ ചിത്രത്തെക്കുറിച്ചും തന്റെ സിനിമ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ആര്യ.

90 മിനുട്സ്

ഒറ്റരാത്രി നടക്കുന്ന സംഭവങ്ങളാണ് 90 മിനുട്സിൽ അവതരിപ്പിക്കുന്നത്. ഒരിടത്ത് അകപ്പെട്ടുപോവുന്ന രണ്ടുപേരുടെ അതിജീവനത്തിന്റെ കഥയാണിത്. സിനിമയുടെ ഭൂരിഭാഗവും ഒറ്റ ലൊക്കേഷനിലാണ് ഷൂട്ട് ചെയ്തത്. സിനിമയിൽ എന്റെ കഥാപാത്രം ഒരമ്മയാണ്. പുതിയൊരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം നിരവധി ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും സിനിമ ചർച്ചചെയ്യുന്നുണ്ട്. ചിത്രത്തിൽ അരുണാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തയാറെടുപ്പുകൾ

കഥാപാത്രത്തിനായി പ്രത്യേകം തയാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. നായികയാണെന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്റെ കഥാപാത്രത്തോളംതന്നെ മറ്റ് കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ടണലിനകത്തായിരുന്നു ഭൂരിഭാഗം ഭാഗങ്ങളും ഷൂട്ട് ചെയ്തത്. നിവർന്നുനിൽക്കാൻപോലും കഴിയില്ല. വെളിച്ചവും കുറവാണ്. ഡയലോഗ് അധികവും മനഃപാഠമാക്കിയായിരുന്നു പറഞ്ഞിരുന്നത്. പുതിയൊരു അനുഭവമായിരുന്നു അത്.

തമാശയിൽനിന്ന് സീരിയസിലേക്ക് 

പ്രേക്ഷകരുടെ മനസ്സിൽ ഞാൻ തമാശ പറയുന്ന ആര്യയാണ്. 90 മിനുട്സിലേത് സീരിയസ് കഥാപാത്രമാണ്. എന്നാൽ, പ്രേക്ഷകർ കഥാപാത്രത്തെ സ്വീകരിക്കുമോ എന്ന ചിന്ത അലട്ടാറില്ല. ടെലിവിഷൻ പരിപാടികൾ ചെയ്യുന്നതിന് മുമ്പ് താൻ സീരിയലുകളിലും അഭിനയിക്കാറുണ്ടായിരുന്നു. അവയിൽ പലതും സീരിയസ് കഥാപാത്രങ്ങളാണ്. അതും പ്രേക്ഷകർ സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

മാറുന്ന സിനിമയും പ്രേക്ഷകരും

സിനിമയിലുണ്ടാവുന്ന പുതിയ മാറ്റങ്ങളെ പോസിറ്റിവായാണ് നോക്കിക്കാണുന്നത്. പണ്ടൊക്കെ പുതിയ സംവിധായകർക്ക് നിർമാതാക്കളെ കിട്ടാൻ വലിയ പാടായിരുന്നു. എന്നാൽ, ഇന്നത് മാറി. നല്ല കഥകൾ സിനിമയാക്കാൻ നിർമാതാക്കൾ മുന്നോട്ടുവരുന്നു. പുതിയ ആളുകൾക്ക് കൂടുതൽ അവസരം ലഭിക്കുന്നു.

മാറ്റങ്ങൾക്ക് ഒ.ടി.ടിയും ഒരു കാരണമാണ്. ചെറിയ സിനിമകൾ ആളുകൾ തിയറ്ററിൽ പോയി കാണുന്നത് കുറവാണ്. ആളുകൾ ഒ.ടി.ടിയിലേക്ക് മാറി. അതിലൂടെ പുതിയ ആളുകളെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങി. പുതിയ കലാകാരന്മാർക്ക് അവസരം ലഭിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്.

അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്

കൂടുതലും ഹാസ്യകഥാപാത്രങ്ങൾ ചെയ്തതുകൊണ്ട് സീരിയസ് കഥാപാത്രങ്ങളിലേക്ക് പരിഗണിക്കപ്പെടാതെ പോയതായി തോന്നിയിട്ടുണ്ട്. ബഡായി ബംഗ്ലാവ് ചെയ്തതുകൊണ്ടുതന്നെ വരുന്ന ഓഫറുകളിലധികവും കോമഡി റോളുകളായിരുന്നു.

സിനിമ ചർച്ചകൾക്കിടയിൽ എന്റെ പേര് വരുമ്പോൾ അത് കോമഡി ചെയ്യുന്ന കുട്ടിയല്ലെ, അത് ശരിയാവില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. അങ്ങനെ അവസരം നഷ്ടപ്പെട്ട രണ്ടുമൂന്നു സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.

സിനിമ എന്ന സ്വപ്നം

ചെറുപ്പം മുതൽ സിനിമ സ്വപ്നമായിരുന്നു. സംവിധായകനായ നിതിൻ ആണ് തന്നെ 90 മിനുട്സിലേക്ക് ക്ഷണിക്കുന്നത്. എഴുതുമ്പോൾ ഈ കഥാപാത്രം ചെയ്യാനായി അര്യയെയാണ് മനസ്സിൽ കണ്ടതെന്ന് നിതിൻ പറഞ്ഞു. 90 മിനുട്സിൽ കേന്ദ്രകഥാപാത്രമായി എത്തുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ‘എന്താടാ സജീ’ എന്ന സിനിമയാണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.l

Tags:    
News Summary - Arya is happy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.