സത്യജിത്ത് റേ അഭിനേതാക്കളോടൊപ്പം

ഓരോ ഫ്രെയിമും ഇനി ക്രിസ്റ്റൽ ക്ലിയർ! റേയുടെ സിനിമകൾ തിയറ്ററുകളിൽ തിരിച്ചെത്തുമ്പോൾ...

സത്യജിത് റേയുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ 'ആരണ്യേർ ദിൻ രാത്രി' 4K പതിപ്പിൽ പുനഃസ്ഥാപിച്ച് നവംബർ ഏഴിന് ഇന്ത്യൻ തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുകയാണ്. 1970ലാണ് ആരണ്യേർ ദിൻ രാത്രി ഇറങ്ങിയത്. ബംഗാളി എഴുത്തുകാരനായ സുനിൽ ഗംഗോപാധ്യായുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. 1970ൽ നടന്ന 20-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ഈ ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ 4K പതിപ്പ് യഥാർത്ഥ കാമറ, ശബ്‌ദ നെഗറ്റീവുകളിൽ നിന്നാണ് എടുത്തത്. ഇത് ശ്രദ്ധാപൂർവ്വം സംരക്ഷിച്ചിരിക്കുന്നത് നിർമാതാവ് പൂർണിമ ദത്തയാണ്.

ഈ വർഷം മേയ് മാസത്തിൽ നടന്ന 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പുനഃസ്ഥാപിച്ച ഈ പതിപ്പ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കായി ആദ്യമായി പ്രദർശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ റീ-റിലീസ് ചെയ്യുന്നത്. കാൻ ഫെസ്റ്റിവലിൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ശർമിള ടാഗോറും സിമി ഗരേവാളും പങ്കെടുത്തിരുന്നു. സംവിധായകൻ വെസ് ആൻഡേഴ്സൺ ആണ് ഈ പതിപ്പ് അവതരിപ്പിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിന് പുറമെ ഇറ്റലിയിലെ 'ഇൽ സിനിമാ റിട്രോവാറ്റോ' ഫെസ്റ്റിവലിലും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും 4K പതിപ്പ് പ്രദർശിപ്പിച്ചിരുന്നു.

ഈ ക്ലാസിക്കിന്റെ ഉയർന്ന നിലവാരത്തിലുള്ള റീസ്റ്റോറേഷൻ പ്രക്രിയ ആരംഭിച്ചത് 2019ലാണ്. പ്രശസ്ത ഹോളിവുഡ് സംവിധായകൻ വെസ് ആൻഡേഴ്സൺ ആണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഈ ചിത്രത്തിലെ പ്രശസ്തമായ 'മെമ്മറി ഗെയിം' സീക്വൻസ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ പിൽക്കാലത്തെ നിരവധി ചലച്ചിത്രകാരന്മാർക്ക് പ്രചോദനമായിട്ടുണ്ട്. വെസ് ആൻഡേഴ്സൺ തന്റെ 'ആസ്റ്ററോയിഡ് സിറ്റി' എന്ന സിനിമയിൽ റേയുടെ ഈ സീനിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഒരു രംഗം ചിത്രീകരിച്ചിരുന്നു. ഈ ചിത്രത്തിന്റെ തുടർച്ചയായി ഗൗതം ഘോഷ് സംവിധാനം ചെയ്ത 'അബാർ അരണ്യേ' എന്ന സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.

കൊൽക്കത്തയിൽ നിന്നുള്ള നാല് നഗരവാസികൾ ഒരു വാരാന്ത്യ യാത്രക്കായി വനത്തിലേക്ക് പോകുന്നതാണ് ആരണ്യേർ ദിൻ രാത്രിയുടെ ഇതിവൃത്തം. പ്രധാനമായും സൗഹൃദവും നഗര ജീവിതത്തിന്റെ ഏകാന്തതയുമാണ് സിനിമ ചർച്ച ചെയ്യുന്നത്. സൗമിത്ര ചാറ്റർജി, ശർമിള ടാഗോർ, ശുഭേന്ദു ചാറ്റർജി, സമിത് ഭഞ്ജ, രബി ഘോഷ്, കബേരി ബോസ്, സിമി ഗരേവാൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ ഏഴിന് കൊൽക്കത്തയിലെ പ്രിയ സിനിമാസിൽ പ്രത്യേക പ്രദർശനം ഉണ്ടാകും. ഇവിടെ ചലച്ചിത്ര പ്രവർത്തകരുമായി ചർച്ചകളും ഉണ്ടാകും. കൂടാതെ, നവംബർ എട്ടിന് നടക്കുന്ന 31-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (KIFF) ഭാഗമായും ചിത്രം പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. സത്യജിത് റേയുടെ ഈ അതുല്യ സൃഷ്ടി 4K നിലവാരത്തിൽ വീണ്ടും കാണാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ തിയറ്ററുകൾ. 

Tags:    
News Summary - Aranyer Din Ratri to hit Indian theaters in 4K on November 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.