സിനിമ തർക്കം ഒത്തുത്തീർപ്പിലേക്ക്; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

സിനിമ തർക്കം അവസാനിക്കുന്നു. സുരേഷ് കുമാറിന് എതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍. ഫിലിം ചേംബര്‍ പ്രസിഡണ്ട്‌ ബി. ആര്‍ ജേക്കബ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയമാണ് ഫിലിം ചേമ്പര്‍ ആന്‍റണി പെരുമ്പാവൂരിന് നല്‍കിയിരുന്നത്. മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷാ നടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കിയിരുന്നു.

എംപുരാന്‍റെ ബജറ്റിനെക്കുറിച്ച് ജി.സുരേഷ് കുമാർ നടത്തിയ പരാമർശവും അതിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റുമാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്തുണയുമായി മോഹന്‍ലാല്‍ എത്തിയതോടെ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടായിരുന്നു സുരേഷ്കുമാറും ഭൂരിപക്ഷം സിനിമാസംഘടനകളും. പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും അജു വര്‍ഗീസുമടക്കം ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

മോഹന്‍ലാലിന്റെ എംപുരാന് തിരിച്ചടിയാകുന്ന നീക്കങ്ങള്‍ക്ക് സംഘടനകള്‍ തുടക്കമിട്ടതോട‌െ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകളുമായി കരാറൊപ്പിടുന്നതിന് മുമ്പ് ചേംബറിന്റെ അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഫിയോക് അടക്കമുള്ള സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. എംപുരാന്‍റെ റിലീസ് തടസപ്പെടുത്തിയുള്ള പണിമുടക്കിന് കൂട്ടുനില്‍ക്കില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. എംപുരാന്‍റെ ബജറ്റിനെ കുറിച്ചുള്ള പരാമർശമാണ് തന്നെ വേദനിപ്പിച്ചതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും ആന്റണി അറിയിച്ചു.

Tags:    
News Summary - Antony Perumbavoor retracted the Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.