ഏതാനും വർഷങ്ങളായി ചരിത്ര സിനിമകൾക്കും ബയോപിക്കുകൾക്കും ഏറെ പ്രാധാന്യം നൽകുന്ന നടനാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. 2018ൽ 'പാഡ് മാൻ' സിനിമയിലൂടെയാണ് ഇതിന്‍റെ തുടക്കം. പിന്നീട് 'ഗോൾഡ്', 'കേസരി', 'സാമ്രാട്ട് പൃഥ്വിരാജ്', 'മിഷൻ റാണിഗഞ്ച്', 'സർഫിറ' എന്നീ ബയോപിക്/ചരിത്ര സിനിമകളിലും അക്ഷയ് കുമാർ നായകനായി. എന്നാൽ, സമീപകാലത്തിറങ്ങിയ അക്ഷയ് കുമാറിന്‍റെ പല ചിത്രങ്ങളും ബോക്സ് ഓഫിസിൽ പരാജയമായിരുന്നു.
അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന 'സ്കൈ ഫോഴ്സ്' എന്ന ചിത്രവും ബയോപിക്കാണ്. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെ, ബയോപിക്കുകൾക്ക് എന്തുകൊണ്ട് പ്രാധാന്യം നൽകുന്നുവെന്ന ചോദ്യത്തിന് അക്ഷയ് കുമാർ നൽകിയ മറുപടി വിവാദമായിരിക്കുകയാണ്.
ചരിത്ര സിനിമകൾ താൻ മന:പൂർവം തിരഞ്ഞെടുക്കുകയാണെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. സ്കൂൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കേണ്ടവയാണ് എന്ന് താൻ കരുതുന്ന ചരിത്രങ്ങളാണ് സിനിമയാക്കുന്നതെന്നും നടൻ പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്‍റെ വാക്കുകൾ.
'പാഠപുസ്തകങ്ങളിൽ പഠിപ്പിക്കാത്ത നിരവധി കാര്യങ്ങളുണ്ട്. പുസ്തകങ്ങളുടെ ഭാഗമല്ലാത്ത ചരിത്രങ്ങളുടെ സിനിമ ഞാൻ മന:പൂർവം ചെയ്യാറുണ്ട്. അതെന്‍റെ ആഗ്രഹമാണ്. അറിയപ്പെടാത്ത നായകരാണ് അവരെല്ലാം. അവരെ കുറിച്ച് ആരും അന്വേഷിക്കാത്തതിനാൽ ജനങ്ങൾ അവരുടെ ജീവിതങ്ങൾ അറിയാതെപോകുന്നു. ഞാൻ ഇത്തരം കഥാപാത്രങ്ങളെയാണ് തേടിപ്പോകുന്നത്.'
'ചരിത്രപുസ്തകങ്ങളിൽ ഒരുപാട് കാര്യങ്ങൾ തിരുത്തേണ്ടതുണ്ട്. അക്ബറിനെ കുറിച്ചോ, അല്ലെങ്കിൽ ഔറംഗസേബിനെ കുറിച്ചോ പാഠപുസ്തകങ്ങളിൽ നമ്മൾ പഠിക്കുന്നു. എന്നാൽ, നമ്മുടെ സ്വന്തം ഹീറോകളെ കുറിച്ച് പുസ്തകങ്ങളിൽ പഠിക്കുന്നില്ല. അത്തരം ഹീറോകളെ അടയാളപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സൈന്യത്തിൽ തന്നെ അത്തരം നിരവധി കഥകളുണ്ട്. പരമവീരചക്രം നൽകി ആദരിക്കപ്പെട്ട നിരവധി സൈനികരുണ്ട്. ചരിത്രപുസ്തകം തിരുത്തിയെഴുതണം. ഇത്തരം നായകരുടെ കഥകൾ വരുംതലമുറയെ പഠിപ്പിക്കണം' -അക്ഷയ് കുമാർ പറഞ്ഞു.
നാളെ റിലീസാവുന്ന 'സ്കൈ ഫോഴ്സ്' സിനിമയിൽ വിങ് കമാൻഡർ കെ.ഒ. അഹുജ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യ സർഗോധ എയർബേസ് ആക്രമിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.