ഐശ്വര്യ റായ്

ഐശ്വര്യ റായിയുടെ ഭർതൃ സങ്കൽപ്പങ്ങൾ ഇതൊക്കെയായിരുന്നു; ആഗ്രഹം പോലെതന്നെ സാധിച്ചുവെന്ന് ആരാധകർ

ഇന്ത്യക്കും പുറത്തും ഒരേപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ഇന്ത്യൻ സിനിമയിൽ തന്‍റേതായ മുഖമുദ്ര പതിപ്പിക്കാൻ ഐശ്യര്യക്കു സാധിച്ചിട്ടുണ്ട്. തന്‍റേതായ അഭിനയ മികവും ആത്മ വിശ്വാസവും സൗന്ദര്യവും കൊണ്ട് നടി എപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു. 2007ലാണ് താരം നടനായ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. താരം പണ്ട് തന്‍റെ ഭാവി വരനെകുറിച്ചു പറഞ്ഞ സങ്കൽപ്പങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്.

വർഷങ്ങൾക്കുമുൻപ് അനുരാധ പ്രസാദിന്‍റെ 'ലെറ്റ്സ് ടോക്ക്' എന്ന പരിപാടിയിൽ ഐശ്വര്യ ഭാവി വിവാഹ ജീവിതത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവെച്ചിരുന്നു. "മറ്റേതൊരു പെൺകുട്ടിയെയും പോലെതന്നെ എനിക്കും വലിയ സ്വപ്നങ്ങൾ കാണാൻ ഇഷ്ടമാണ്. ഞാൻ എപ്പോഴും വളരെ സുന്ദരിയായി കാണപ്പെടണം എന്ന മനോഭാവം എനിക്കില്ല. കാരണം അതിൽ ഒന്നും കാര്യമില്ല. ഞാൻ പറയുന്നത് ക്ലീഷേ ആയി തോന്നാം, ഒരുപക്ഷേ എല്ലാ മനുഷ്യരെയും പോലെ എന്‍റെ ജീവിത പങ്കാളിയിൽ ഒരു പരിധിവരെ ക്ഷമ, വിശ്വാസം, സത്യസന്ധത, നർമം എന്നിവ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദം വേണം. നല്ല വ്യക്തിത്വമുള്ള ഒരാളായിരിക്കണം. ആരും ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കണമെന്ന് എനിക്ക് പറയാനാവില്ല. കാരണം ഞാൻ ആരെയാണോ കണ്ടുമുട്ടുന്നത് അവർക്ക് എന്നെക്കുറിച്ച് മുൻവിധികളൊന്നും ഉണ്ടാവരുതെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്" -ഐശ്വര്യ പറഞ്ഞു.

പ്രണയത്തിലായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, "ഇല്ല, പക്ഷേ പ്രണയത്തിൽ ആവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു മാനുഷിക വികാരമെന്ന നിലയിൽ സ്നേഹം വളരെ മനോഹരമാണ്. അത്തരമൊരു കാര്യം നമുക്ക് ലഭിച്ചത് ഭാഗ്യമുള്ള കാര്യമാണ്. പക്ഷേ അത് അനുഭവിക്കാൻ നമ്മൾ സെൻസിറ്റീവ് ആയിരിക്കണമെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് എത്ര സ്നേഹം ലഭിക്കുന്നുവോ അത്രയും നിങ്ങൾ തിരിച്ചു നൽകണം. സ്നേഹം വളരെ വിശാലവും ആത്മനിഷ്ഠവുമായ ഒരു വികാരമാണ്. എനിക്കത് ലഭിച്ചിട്ടുണ്ട്. അതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു" എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

2007 ഏപ്രിൽ 20നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരാവുന്നത്. മുംബൈയിലെ ബച്ചന്‍റെ വസതിയായ പ്രതീക്ഷയിൽ വെച്ചായിരുന്നു വിവാഹം. ദമ്പതികളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തന്‍റെ സ്വകാര്യ ജീവിതം വാർത്തകളിൽ നിന്നും മാധ്യമങ്ങളിൽ മാറ്റി നിർത്താനാണ് ഐശ്വര്യ ഇഷ്ടപ്പെടുന്നത്.

Tags:    
News Summary - Aishwarya rai husband expectations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.